ദോഹ: ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യമെന്ന പദവിയിൽ മുൻപന്തിയിൽ ഖത്തർ. ജൂലൈ മാസത്തിലെ റിപ്പോർട്ടിലാണ് ആഗോളാടിസ്ഥാനത്തിൽ എൽ.എൻ.ജി കയറ്റുമതിക്കാരിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെ സ്ഥാനം ഖത്തർ നിലനിർത്തിയിരിക്കുന്നത്. ദോഹ ആസ്ഥാനമായുള്ള ജി.ഇ.സി.എഫ് റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മാസം ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതിക്കാരായി അമേരിക്ക, ഖത്തർ, ആസ്ട്രേലിയ രാജ്യങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജി.ഇ.സി.എഫിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങളാണ് അമേരിക്കയും ആസ്ട്രേലിയയും.
2024 ജൂലൈ മാസത്തിൽ ആഗോള തലത്തിലെ എൽ.എൻ.ജി കയറ്റുമതി 1.1 ശതമാനം വർധിച്ച് 33.36 ദശലക്ഷം ടണ്ണിലെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിമാസ റിപ്പോർട്ട് പ്രകാരം ജി.ഇ.സി.എഫ് ഇതര രാജ്യങ്ങളിൽനിന്നുള്ള ഉയർന്ന എൽ.എൻ.ജി കയറ്റുമതിയും എൽ.എൻ.ജി റീ എക്സ്പോർട്ടിലെ വർധനവും ഇതിന് കാരണമായി. കൂടാതെ ഫോറത്തിലെ രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിയിലെ കുറവ് നികത്താനും ഇതിലൂടെ സാധിച്ചു.
ആഗോള എൽ.എൻ.ജി കയറ്റുമതിയിൽ ജി.ഇ.സി.എഫ് ഇതര രാജ്യങ്ങൾ 53 ശതമാനം വിപണി വിഹിതത്തോടെ തങ്ങളുടെ ആധിപത്യം നിലനിർത്തിയതായും റിപ്പോർട്ടിൽ പറയുന്നു. മുൻവർഷം ഇതേ കാലയളവിൽ ആഗോള വിപണി വിഹിതം 52.8 ശതമാനമായിരുന്നു. ജി.ഇ.സി.എഫ് രാജ്യങ്ങളുടെ വിപണി വിഹിതം 46.6 ശതമാനത്തിൽനിന്നും 45.8 ശതമാനമായി കുറഞ്ഞു. ജനുവരി-ജൂലൈ മാസങ്ങൾക്കിടയിൽ ആഗോള എൽ.എൻ.ജി കയറ്റുമതി 239.41 ദശലക്ഷം ടണ്ണിലെത്തി. 1.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.