നൂതന വിദ്യാഭ്യാസ നയവുമായി ഖത്തര്‍

പൊതു, സ്വകാര്യ സ്‌കൂളുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുക, അക്കാദമിക് മികവ് വര്‍ധിപ്പിക്കുക, പാഠ്യമികവില്‍ അധ്യാപകരുടെ ശേഷി വര്‍ധിപ്പിക്കുക എന്നിവ ഉള്‍ക്കൊള്ളുന്നു

നൂതന വിദ്യാഭ്യാസ നയവുമായി ഖത്തര്‍
നൂതന വിദ്യാഭ്യാസ നയവുമായി ഖത്തര്‍

ദോഹ: സ്‌കൂള്‍, കോളേജ് ഉള്‍പ്പെടെ പ്രാഥമിക-ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിമറിക്കുന്ന വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നല്‍കി ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഖത്തര്‍ ദേശീയ വിഷന്റെ ഭാഗമായ അടുത്ത ആറു വര്‍ഷത്തെ വിദ്യാഭ്യാസ പദ്ധതിയാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനിയുടെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചത്.പഠനത്തിന്റെ തീപ്പൊരി ആളിപ്പടരട്ടേ’ എന്ന പ്രമേയത്തിലായി ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിങ്കളാഴ്ച ആരംഭിച്ച വിദ്യാഭ്യാസ സമ്മേളനത്തില്‍ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചു.

പ്രാഥമിക തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നയം. ദേശീയ വിഷന്റെ പ്രധാന ലക്ഷ്യമായ മാനവവിഭവശേഷി മെച്ചപ്പെടുത്തുന്ന പദ്ധതികളുടെ അടിത്തറയും റോഡ്മാപ്പുമായി പുതിയ വിദ്യാഭ്യാസ നയം മാറും. സ്വദേശികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക വഴി പ്രതിഭയാര്‍ന്ന തലമുറയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അവതരിപ്പിച്ച വിഡിയോ പ്രോജക്ടില്‍ വിശദീകരിച്ചു.

പൊതു, സ്വകാര്യ സ്‌കൂളുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുക, അക്കാദമിക് മികവ് വര്‍ധിപ്പിക്കുക, പാഠ്യമികവില്‍ അധ്യാപകരുടെ ശേഷി വര്‍ധിപ്പിക്കുക എന്നിവ ഉള്‍ക്കൊള്ളുന്നു. മൂന്നാം ദേശീയ വികസന പദ്ധതിയുടെയും ഖത്തര്‍ ദേശീയ വിഷന്റെയും പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് പുതിയ നയമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിന്‍ത് അലി അല്‍ ജാബി അല്‍ നുഐമി മുഖ്യപ്രഭാഷണത്തില്‍ വ്യക്തമാക്കി.

Also Read:മുന്നറിയിപ്പ്​ സംവിധാനങ്ങൾ ദുരന്തങ്ങളുടെ വ്യാപ്തി കുറക്കും: ഡോ. അബ്ദുൾ സലാം മുഹമ്മദ്

രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ മന്ത്രിമാര്‍, അക്കാമദിക് പ്രതിഭകള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കുന്നു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും വിഷയാവതരണവും നടക്കും. അക്കാദമി, കരിക്കുലം, അധ്യാപനം, ഗവേഷണം തുടങ്ങി വിവിധ മേഖലകളിലായി പാനല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിവിധ പ്രദര്‍ശനങ്ങളും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്.

Top