ദോഹ: ഖത്തർ പൗരന്മാർക്ക് ഇനി അമേരിക്കയിലേക്ക് വിസയില്ലാതെ തന്നെ യാത്ര ചെയ്യാം. വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനെയും ഉൾപ്പെടുത്തിയതായി അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. ഇതാദ്യമായാണ് ഒരു ഗൾഫ് രാജ്യത്തെ വിസ രഹിത പ്രോഗ്രാമിൻെറ ഭാഗമാക്കുന്നത്.
ഡിസംബർ ഒന്ന് മുതൽ പ്രാബല്ല്യത്തിൽ വരുന്ന പദ്ധതി പ്രകാരം ഖത്തരി പൗരന്മാർക്ക് അമേരിക്കയിലെത്തി 90 ദിവസം വരെ വിസയില്ലാതെ താമസിക്കാം. ഇരു രാജ്യങ്ങളും തമ്മിലെ ശക്തമായ ഉഭയകക്ഷി, നയതന്ത്ര, സുരക്ഷാ സൗഹൃദത്തിൻെറ ഭാഗമായാണ് അപൂർവം രാജ്യങ്ങൾക്ക് മാത്രം ഇടം പിടിച്ച വിസ രഹിത പ്രവേശനം പട്ടികയിൽ ഖത്തറിനെയും ഉൾപ്പെടുത്തിയത്.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻെറ നിർദേശ പ്രകാരം ഖത്തറിനെയും വിസ രഹിത പ്രോഗ്രാം (വി.ഡബ്ല്യൂ.പി) രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലയാന്ദ്രോ മയോർകാസ് അറിയിച്ചു.