CMDRF

1987 മുതൽ ബലാത്സംഗത്തിനിരയാക്കി; 73കാരനെതിരായ കേസ് ഹൈകോടതി റദ്ദാക്കി

1987 മുതൽ ബലാത്സംഗത്തിനിരയാക്കി; 73കാരനെതിരായ കേസ് ഹൈകോടതി റദ്ദാക്കി
1987 മുതൽ ബലാത്സംഗത്തിനിരയാക്കി; 73കാരനെതിരായ കേസ് ഹൈകോടതി റദ്ദാക്കി

മുംബൈ: ബലാത്സംഗ കേസിലെ കുറ്റക്കാരനായ 73 കാരനെതിരായ കേസ് ഹൈകോടതി റദ്ദാക്കി. 1987 മുതൽ ബലാത്സംഗത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ നൽകിയ പരാതിയിലാണ് ബോംബെ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധമെന്ന് നിരീക്ഷിച്ചാണ് കോടതി കേസ് റദ്ദാക്കിയത്.

കഴിഞ്ഞ 31 വർഷമായി ഇരുവരും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ, ഇതിന് പരാതിക്കാരി എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. രണ്ട് പേരും തമ്മിലുള്ള ബന്ധം വഷളായതിന് ശേഷം കേസ് നൽകുന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ കേസെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.എസ് ഗഡ്കരി, നീല ഗോഖലെ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2018ലാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. കേസ് നൽകാൻ താമസിച്ചത് സംബന്ധിച്ച് പരാതിക്കാരി വിശദീകരണം സമർപ്പിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

1987 ജൂലൈയിലാണ് പരാതിക്കാരി പ്രതിയുടെ കമ്പനിയിൽ ജോലിക്ക് ചേരുന്നത്. കമ്പനിയിൽ ചേർന്നതിന് പിന്നാലെ ഉടമ ഇവ​രെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് 1987 മുതൽ 2017 വരെ 30 വർഷം പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു. 1993ൽ താലിചാർത്തി രണ്ടാം ഭാര്യ​യാക്കിയെന്നും സ്ത്രീ ചൂണ്ടിക്കാട്ടി. 1996ൽ ഇയാൾക്ക് ഹൃദയാഘാതമുണ്ടായപ്പോൾ കമ്പനിയുടെ ചുമതലകൾ നോക്കിയത് താനാണെന്നും പരാതിയിൽ പറയുന്നു.

പിന്നീട് അർബുദബാധിതയായ അമ്മയെ പരിചരിക്കാൻ പോയി തിരിച്ചെത്തിയപ്പോൾ 73കാരൻ ഉപേക്ഷിച്ചുവെന്നും ബാങ്കിങ്, ആദായ നികുതി രേഖകളും സ്വർണവും നൽകാൻ വിസമ്മതിച്ചുവെന്നും പരാതിക്കാരി പറയുന്നു.

Top