CMDRF

മത്സരങ്ങൾ ട്രാക്കിലേക്ക്; പ്രതീക്ഷയായി നീരജ് ചോപ്ര, ജാവലിൻ യോഗ്യതാ മത്സരം ആറിന്

മത്സരങ്ങൾ ട്രാക്കിലേക്ക്; പ്രതീക്ഷയായി നീരജ് ചോപ്ര, ജാവലിൻ യോഗ്യതാ മത്സരം ആറിന്
മത്സരങ്ങൾ ട്രാക്കിലേക്ക്; പ്രതീക്ഷയായി നീരജ് ചോപ്ര, ജാവലിൻ യോഗ്യതാ മത്സരം ആറിന്

ളിമ്പിക്‌സ് മത്സരങ്ങൾ വാശിയുടെ ട്രാക്കിലേക്ക്… ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അത്ലറ്റിക്‌സ് മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങുമ്പോൾ ഇന്ത്യയും വലിയ പ്രതീക്ഷയിലാണ്. ടോക്യോയിലെ സുവർണനേട്ടത്തോടെ ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്‌സിലെ അത്ലറ്റിക്‌സിൽ മെഡൽ സമ്മാനിച്ച ജാവലിൻ താരം നീരജ് ചോപ്ര രാജ്യത്തിൻറെ പ്രതീക്ഷകൾക്ക് നിറംപകർന്ന് ഇക്കുറിയും മുൻനിരയിലുണ്ട്. 29 അംഗ ഇന്ത്യൻ അത്ലറ്റിക്‌സ് ടീം 16 മെഡൽ ഇനങ്ങളിൽ മത്സരിക്കും. ഇക്കൂട്ടത്തിൽ അഞ്ചു മലയാളികളുണ്ട്. റിലേ ടീമിൽ നാലുപേരും ട്രിപ്പിൾ ജമ്പിൽ അബ്ദുള്ള അബൂബക്കറും.

4×400 റിലേ പുരുഷന്മാരുടെ ടീമിൽ കൊല്ലം നിലമേൽ സ്വദേശി വൈ. മുഹമ്മദ് അനസ്, പാലക്കാട് ചെർപ്പുളശ്ശേരിക്കാരൻ വി. മുഹമ്മദ് അജ്മൽ, കോട്ടയംകാരനായ ഡൽഹി മലയാളി അമോജ് ജേക്കബ്, ആലപ്പുഴയിൽനിന്നുള്ള മിജോ ചാക്കോ കുര്യൻ എന്നിവരുണ്ട്. ട്രിപ്പിൾ ജംപിൽ മത്സരിക്കുന്ന അബ്ദുള്ള അബൂബക്കർ കോഴിക്കോട് വളയം സ്വദേശിയാണ്.

ഇന്ത്യൻ റിലേ ടീം ഏഷ്യൻ റെക്കോഡുക്കാർ കൂടിയാണ്. 2023-ലെ ബുഡാപെസ്റ്റ് ലോക അത്ലറ്റിക്‌സിൽ രണ്ടുമിനിറ്റ് 59.05 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഏഷ്യൻ റെക്കോഡുകുറിച്ച ടീമിലെ അംഗങ്ങളായിരുന്നു മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർ. ഇവരുൾപ്പെട്ട ടീം കഴിഞ്ഞവർഷം ഹാങ്ചു ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്നു . മംഗളൂരുവിൽ സ്ഥിരതാമസക്കാരനായ മിജോ ചാക്കോ കുര്യനും ഏഷ്യൻ ഗെയിംസ് ടീമംഗമായിരുന്നു.

5000, 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ മത്സരിക്കുന്ന വനിതകളിൽ പരുൾ ചൗധരി, ജാവലിനിൽ അന്നു റാണി, 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജി തുടങ്ങിയവരും ഇന്ത്യൻ അന്താരാഷ്ട്ര ശ്രദ്ധയിലുള്ള താരങ്ങളാണ്.

അതേസമയം ആദ്യദിനം പുരുഷ-വനിതാ വിഭാഗങ്ങളിൽ 20 കിലോമീറ്റർ നടത്ത മത്സരം മാത്രം ഉണ്ടാകുകയുള്ളൂ. പുരുഷവിഭാഗത്തിൽ അക്ഷ്ദീപ് സിങ്, വികാഷ് സിങ്, പരംജീത്ത് സിങ് ബിഷ്ത് എന്നിവരും വനിതകളിൽ പ്രിയങ്കാ ഗോസ്വാമിയും ഒളിംപിക്സിൽ ഇന്ത്യക്കുവേണ്ടി ഇറങ്ങും.

Top