റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചന ഉത്തരവുമായി ബന്ധപ്പെട്ട ഹർജി ഒക്ടോബർ 21ന് കോടതി പരിഗണിക്കും. നേരത്തെ കോടതി ഒക്ടോബർ 17 ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്.
അതേസമയം, റഹീം കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങൾ പൊതുസമൂഹത്തോടെ വിശദീകരിക്കുന്നതിന് വേണ്ടി നാളെ വൈകീട്ട് ഏഴിന് ബത്ഹ ഡി-പാലസ് ഹാളിൽ പൊതുയോഗം ചേരുമെന്ന് സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ എന്നിവർ അറിയിച്ചു.
2006 ഡിസംബറിലാണ് സൗദി ബാലെൻറ കൊലപാതക കേസിൽ അബ്ദുൽ റഹീം റിയാദിലെ ജയിലിലാകുന്നത്. തുടർന്ന് 18 വർഷത്തോളം നീണ്ട ശ്രമത്തിലൊടുവിലാണ് മോചനത്തിന് അരികെ എത്തിയിരിക്കുന്നത്.