ഡല്‍ഹി: കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും കാരണമാണ് ട്രെയിന്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 10 വര്‍ഷമായി റെയില്‍വേ മന്ത്രാലയത്തില്‍ കെടുകാര്യസ്ഥതയെന്ന് ഖര്‍ഗെ ആരോപിച്ചു. റെയില്‍വെ മന്ത്രാലയത്തെ സ്വയം പ്രമോഷന്റെ വേദിയാക്കി മാറ്റി. ഈ അപകടത്തിന്റെ ഉത്തരവാദി മോദി സര്‍ക്കാരാണ്. ദുരന്തം വേദനാജനകമാണെന്നും ഇരകള്‍ക്ക് ഉടനടി പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു.
അപകടത്തില്‍ മരണ സംഖ്യ 15 ആയി ഉയര്‍ന്നു. 60 പേര്‍ക്ക് പരിക്കേറ്റതായാണ് നിലവില്‍ ലഭിക്കുന്ന വിവരം. ലോക്കോ പൈലറ്റും സഹ പൈലറ്റും അപകടത്തില്‍ മരിച്ചു. ഡാര്‍ജിലിങ് ജില്ലയിലെ ഫാന്‍സിഡെവ മേഖലയിലാണ് അപകടം നടന്നത്. രംഗപാണി സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മൂന്ന് ബോഗികള്‍ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ട്രെയിനുകളിലൊന്നായിട്ടും കാഞ്ചന്‍ജംഗ എക്‌സ്പ്രസിനെ ഇപ്പോഴും എല്‍എച്ച്ബി കോച്ചുകളായി ഉയര്‍ത്തിയിട്ടില്ല. എല്‍എച്ച്ബി കോച്ചുകള്‍ വേഗം കൂടിയതും സുരക്ഷിതവുമായതിനാല്‍ അപകടമുണ്ടായാല്‍ പരസ്പരം ഇടിച്ചുകയറില്ല. എന്നാല്‍ കാഞ്ചന്‍ജംഗയില്‍ ഇപ്പോഴും പരമ്പരാഗത ഐസിഎഫ് കോച്ചുകളാണുള്ളത്.