ചെന്നൈ: സെപ്തംബർ 23ന് നടക്കുന്ന വിജയ്‌യുടെ പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയേയും പിണറായി വിജയനേയും ക്ഷണിച്ചേക്കും. ലോക്സഭ പ്രതിപക്ഷ നേതാവിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് വിജയ് ക്ഷണിച്ചേക്കും.
നേതാക്കൾക്ക് പ്രചോദനമാണ് രാഹുൽ ഗാന്ധിയെന്ന് തമിഴക വെട്രി കഴകത്തിന്റെ മുതിർന്ന നേതാവ് പറഞ്ഞു. രാഹുലിന്റെ സാന്നിധ്യം ദ്രാവിഡ നാട്ടിൽ രാഷ്ട്രീയ തലക്കെട്ടാകും. വിജയ് ഏറ്റവും ബഹുമാനിക്കുന്ന രാഷ്ട്രീയനേതാവാണ് രാഹുലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരിൽ പിണറായി വിജയന് പുറമേ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി എന്നിവരെയും ചടങ്ങിന് ക്ഷണിക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും ക്ഷണമുണ്ടാകും.
Also Read: കുട്ടനാട് മണ്ഡലത്തിന്റെ പേരിൽ യുഡിഎഫിൽ കടുത്ത പോര്
അതേസമയം, സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ പാർട്ടി 85 ഏക്കർ പ്ലോട്ട് വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും തമിഴ്‌നാട്ടിൽ നിന്ന് ഏകദേശം 1.5 ലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് അറിയിച്ചു. വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. പാർക്കിംഗ് സൗകര്യങ്ങൾ, ഭക്ഷണം, വെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങൾ, ആംബുലൻസുകളുടെ ലഭ്യത ഉൾപ്പെടെയുള്ള മെഡിക്കൽ സേവനങ്ങൾ എന്നിവ ക്രമീകരണങ്ങളിൽ ഉൾപ്പെടുന്നു. പങ്കെടുക്കുന്ന എല്ലാവർക്കും സുഗമവും സുരക്ഷിതവുമായ അനുഭവം ഉറപ്പാക്കാൻ പാർട്ടി പ്രവർത്തിക്കുന്നുണ്ട്.