വയനാട് ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുതവരൻ ജെൻസനും വിടപറഞ്ഞതിൽ ശ്രൂതിയെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവും വയനാട് മുൻ എം.പിയുമായിരുന്ന രാഹുൽ ഗാന്ധി.
”മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോൾ പ്രിയങ്കയും ഞാനും ശ്രുതിയെ കുറിച്ചും അവളുടെ സഹന ശക്തിയെ കുറിച്ചും മനസിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതു പോലെ അവർ ധൈര്യം കൈവിടാതെ നിന്നു. ഇന്ന് അവൾ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അതിജീവിക്കുകയാണ്. വളരെ ദുഖം തോന്നുന്നു. അവളുടെ പ്രതിശ്രുത വരൻ ജെൻസനാണ് ഇല്ലാതായത്. ദുഷ്‍കരമായ ഈ സമയത്ത് നീ തനിച്ചല്ലെന്ന് അറിയുക. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാകട്ടെ.”-എന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.
Also Read: ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ്: വേദന പങ്കുവച്ച് മമ്മൂട്ടി
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുവർക്കും പരുക്കേറ്റു എങ്കിലും, തലയ്‌ക്കേറ്റ ആഴത്തിലെ ക്ഷതമായിരുന്നു ജെൻസന്റെ മരണകാരണം. ബുധനാഴ്ച രാത്രിയോട് കൂടി ജെൻസൺ മരണത്തിനു കീഴടങ്ങി. ജെൻസനെ അവസാനമായി കാണാൻ, ശ്രുതി ആശുപത്രിയിൽ വന്നിരുന്നു.