ഡല്‍ഹി: പ്രധാനമന്ത്രിയുടെ ‘കുത്തക മാതൃക’ രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്ന രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജിഎസ്ടി ലഘൂകരിക്കണമെന്നും അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ചെറുകിട ബിസിനസുകള്‍ക്ക് ബാങ്കിംഗ് സംവിധാനം തുറന്നുകൊടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ജമ്മു കശ്മീരില്‍ നിന്നുള്ള ഒരു യുവ സ്റ്റാര്‍ട്ടപ്പ് ഉടമയുടെ കണ്ണിലെ നിരാശ ഇന്ത്യയിലെ ഒട്ടുമിക്ക സംരംഭകരുടെയും ചെറുകിട-ബിസിനസ് ഉടമകളുടെയും കഷ്ടതകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. മോശം ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കഴിവുകെട്ട നയങ്ങളിലൂടെ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് രാഹുല്‍ ആരോപിച്ചു. ഇങ്ങനെ പോയാല്‍ ചൈനയുമായി മത്സരിക്കാനോ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിവൃദ്ധി നേടാനോ കഴിയില്ലെന്നും ഇന്ത്യ ഇതിലും മികച്ചത് അര്‍ഹിക്കുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
Also Read: ഹരിയാനയിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയതിന് 13 നേതാക്കളെ കോൺഗ്രസ് പുറത്താക്കി
ബിസിനസ്സ് ഉടമകളും സ്വകാര്യ മേഖലയിലെ വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ തൊഴിലില്ലായ്മയുടെ കാരണങ്ങള്‍ രാഹുല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് വലിയ വൈദഗ്ധ്യമുണ്ട്, എന്നാല്‍ വന്‍കിട കമ്പനികളില്‍ നിന്നുള്ള ചെറുകിട കോര്‍പ്പറേഷനുകള്‍ക്കെതിരായ ആക്രമണം രാജ്യത്തെ തൊഴില്‍ വിപണിയെ കൂടുതല്‍ വഷളാക്കുന്നു. ഇന്ത്യയിലും ജപ്പാനിലും കുത്തകകളുണ്ട്. എന്നാല്‍ ജപ്പാനിലെ കുത്തകകള്‍ സാധനങ്ങള്‍ ഉത്പ്പാദിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ കുത്തകകള്‍ കച്ചവടത്തില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.