CMDRF

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയോട് അനാദരവ്; പിൻനിരയിൽ സീറ്റ് നൽകിയത് വിമർശനത്തിന് ഇടയാക്കി

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയോട് അനാദരവ്; പിൻനിരയിൽ സീറ്റ് നൽകിയത് വിമർശനത്തിന് ഇടയാക്കി
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയോട് അനാദരവ്; പിൻനിരയിൽ സീറ്റ് നൽകിയത് വിമർശനത്തിന് ഇടയാക്കി

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പിൻനിരയിൽ സീറ്റ് നൽകിയത് വിമർശനത്തിന് ഇടയാക്കി. രാഹുൽ ഗാന്ധിയോട് അനാദരവ് കാണിച്ചെന്നാണ് ആക്ഷേപം. പ്രതിപക്ഷ നേതാവിന് മുൻ നിരയിൽ സീറ്റ് നൽകണമെന്നതാണ് പ്രോട്ടോകോൾ. ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വർഷങ്ങൾക്ക് ശേഷമാണ്. കുർത്തയും സ്യൂട്ടും ധരിച്ചാണ് രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയത്.

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ മനു ഭക്കർ, സരബ്ജ്യോത് സിങ് എന്നിവരോടൊപ്പം അവസാന നിരയിലാണ് രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന വിമർശനം ഉയർന്നത്. ഒളിമ്പിക്‌സ് വെങ്കലം നേടിയ ഹോക്കി ടീമിലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പി.ആർ ശ്രീജേഷ് എന്നിവരെയും രാഹുലിനൊപ്പം കാണാമായിരുന്നു. മുൻനിരയിൽ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, അമിത് ഷാ, എസ് ജയശങ്കർ എന്നിവർ ഉണ്ടായിരുന്നു. കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ പദവി, ലോക്സഭയിലെ പ്രതിപക്ഷ നേതാവിനുണ്ടെങ്കിലും പിൻ നിരയിലാണ് സീറ്റ് അനുവദിച്ചത്.

അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിലുള്ള ബി.ജെ.പി ഭരണകാലത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്ക് ഒന്നാം നിരയിലാണ് സീറ്റ് അനുവദിച്ചിരുന്നത്. അതേസമയം രാഹുൽ ഗാന്ധിയുടെ ഇരിപ്പിടം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്ത് എത്തി. ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾക്ക് മുൻ നിരയിലെ സീറ്റുകൾ അനുവദിച്ചതിനാലാണ് രാഹുൽ ഗാന്ധിയെ പിന്നോട്ട് മാറ്റേണ്ടി വന്നതെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിനാണ് ഇതിന്റെ ചുമതല.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നൂറിലേറെ സീറ്റ് ലഭിച്ചതോടെയാണ് പത്ത് വർഷം കാലിയായിരുന്ന പ്രതിപക്ഷനേതാവ് പദവിക്ക് അവകാശിയായത്. 99 സീറ്റുകളാണ് ലഭിച്ചതെങ്കിലും സ്വതന്ത്രരായി മത്സരിച്ച ചില അംഗങ്ങൾ കോൺഗ്രസിനൊപ്പം ചേർന്നതോടെയാണ് 100 കടന്നത്. 2019ൽ 52 സീറ്റുകളെ കോൺഗ്രസിന് നേടാനായുള്ളൂ. അതേസമയം സർക്കാരിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പ്രതിപക്ഷ നേതാവ് എന്ന പദവിയെ അപമാനിക്കുന്നതാണ് സർക്കാരിന്റെ നടപടിയെന്നാണ് വിമർശനം.

Top