ഡൽഹി: രാഹുൽ ഗാന്ധിയുടെ ഓഹരി കുംഭകോണ ആരോപണത്തിൽ മറുപടിയുമായി ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നു പുറത്തു വരാൻ രാഹുലിനു കഴിയുന്നില്ല. വിപണിയിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്നും ബിജെപി വക്താവ് പിയൂഷ് ഗോയൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്നത്തെ ഇന്ത്യ. വിപണി മൂല്യം അഞ്ച് ട്രില്യൺ ഡോളർ ആദ്യമായി കടന്നതു മോദി സർക്കാരിന്റെ പത്ത് വർഷത്തിനിടെയാണ്. ഇന്ത്യയുടെ ഇക്വിറ്റ് മാർക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളുടെ വിപണി മൂലധനത്തിലേക്ക് പ്രവേശിച്ചു. മോദി സർക്കാരിനു കീഴിൽ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണി മൂലധനം നാല് മടങ്ങി വർധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ഇന്നലെ വൈകീട്ട് എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരെയായിരുന്നു രാഹുലിന്റെ ആരോപണം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പാണ് നടന്നതെന്നു രാഹുൽ ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിൽ സംഭവിച്ചതെന്നും രാഹുൽ വ്യക്തമാക്കി.