രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവായേക്കും

രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവായേക്കും
രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവായേക്കും

ദില്ലി: രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായേക്കും. പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ ചില പാര്‍ട്ടികളും രാഹുലിനോടാവശ്യപ്പെട്ടു. രാഹുലല്ലാതെ തല്‍ക്കാലം മറ്റ് പേരുകള്‍ ചര്‍ച്ചയിലില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രതിപക്ഷത്തിരിക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചതോടെ അടുത്ത അകാംക്ഷ രാഹുല്‍ ഗാന്ധിയുടെ നീക്കത്തിലാണ്. 2019 ല്‍ 52 സീറ്റില്‍ നിന്ന് കോണ്‍ഗ്രസിനെ ഇക്കുറി 99 ലെത്തിച്ചതില്‍ രാഹുലിന്റെ പങ്ക് വലുതാണ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പ്രകടനവും, ഭാരത് ജോഡോ യാത്രയും രാഹുലിന്റെ പ്രതിച്ഛായ, ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍.

ഇന്നലെ ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തില്‍ രാഹുലിന്റെ പ്രകടനത്തെ അഭിനന്ദിച്ച നേതാക്കള്‍ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലും രാഹുല്‍ വരണമെന്ന വികാരം ശക്തമാണ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് ചെയര്‍ പേഴ്‌സണാകും ലോക് സഭ പ്രതിപക്ഷ നേതാവിനെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ ചേരും. എന്നാല്‍ നിലപാട് രാഹുല്‍ വ്യക്തമാക്കിയിട്ടില്ല. രാഹുല്‍ വിസമ്മതിച്ചാല്‍ കെ സി വേണുഗോപാല്‍, ശശി തരൂര്, മനീഷ് തിവാരി, ഗൗരവ് ഗോഗോയ് തുടങ്ങിയ നേതാക്കളാണ് പരിഗണനയിലുളളത്. എന്നാല്‍ രാജ്യസഭയില് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കര്‍ണ്ണാടകയില്‍ നിന്നുള്ളയാളായതിനാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് സാധ്യത കുറഞ്ഞേക്കും. കുടുംബത്തിന്റെ നിലപാടാകും നിര്‍ണ്ണായകം. രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും. വയനാട് വിട്ടാല്‍ പ്രിയങ്ക ഗാന്ധിക്ക് സാധ്യതയെന്ന ചര്‍ച്ചകള്‍ സജീവമാണ്.

Top