ഡല്‍ഹി: തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിവാദത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഭക്തരെ വേദനിപ്പിക്കുന്ന സംഭവമാണെന്നുമാണ് രാഹുല്‍ പ്രതികരിച്ചത്.
എക്‌സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം തീര്‍ത്തും ഞെട്ടിക്കുന്നതാണ്. കോടിക്കണക്കിന് ജനങ്ങള്‍ ഭക്തിയോടെയും ബഹുമാനത്തോടെയുമാണ് തിരുപ്പതി ബാലാജിയെ കണ്ടുപോരുന്നത്. ഈ വിവാദം ഭക്തരെ വേദനിപ്പിക്കുന്നതാണെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.
ഗുജറാത്തിലെ നാഷണല്‍ ഡയറി ഡിവലപ്മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിനെ ഉന്നമിട്ട് നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പരിശോധന ഫലം പുറത്തുവിട്ട് വലിയ വിവാദത്തിന് തിരികൊളുത്തിയത്. എന്നാല്‍ വൈഎസ്ആര്‍സിപി ആരോപണം നിഷേധിച്ചിരുന്നു.