പട്ന: ബീഹാറിലെ നവാദ ജില്ലയിൽ 21 ദലിത് കുടുംബങ്ങളുടെ വീടുകൾക്ക് തീയിട്ട സംഭവത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി. ഇത്ര വലിയ അക്രമം നടന്നിട്ടും ബീഹാർ സർക്കാർ ഉറക്കമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ദളിത് വിഭാഗങ്ങളെ അടിച്ചമർത്താൻ ബിജെപിയും എൻഡിഎയും ശ്രമിക്കുന്നു എന്ന് ആരോപിച്ച രാഹുൽ ഗാന്ധി അക്രമകാരികളെ അവർ സംരക്ഷിക്കുന്നു എന്നും കുറ്റപ്പെടുത്തി.
ഈ ഗൂഢാലോചനക്ക് പ്രധാനമന്ത്രി നൽകിയ പിന്തുണയുടെ അടയാളമാണ് അദ്ദേഹത്തിന്റെ മൗനം. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
Also Read: കോൺഗ്രസും രാഹുൽ ഗാന്ധിയും പാക്കിസ്ഥാനൊപ്പം; അമിത് ഷാ
നവാഡ ജില്ലയിലെ കൃഷ്ണനഗർ തോലയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. തങ്ങളുടെ താമസസ്ഥലത്തേക്ക് ഇരച്ചുകയറിയെത്തി അക്രമികൾ നിരവധി കുടുംബങ്ങളെ മർദിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തുവെന്ന് ഗ്രാമീണർ പറഞ്ഞു. അക്രമികൾ ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തുവെന്ന് ഗ്രാമീണർ ആരോപിച്ചു. കൂടുതൽ സംഘർഷ സാധ്യത ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.