‘ജോലി ഇല്ല എന്ന് പറഞ്ഞപ്പോള്‍ പക്കാവട ഉണ്ടാക്കാന്‍ പറഞ്ഞയാളാണ് പ്രധാനമന്ത്രി’; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

‘ജോലി ഇല്ല എന്ന് പറഞ്ഞപ്പോള്‍ പക്കാവട ഉണ്ടാക്കാന്‍ പറഞ്ഞയാളാണ് പ്രധാനമന്ത്രി’; മോദിക്കെതിരെ രാഹുല്‍ ഗാന്ധി
‘ജോലി ഇല്ല എന്ന് പറഞ്ഞപ്പോള്‍ പക്കാവട ഉണ്ടാക്കാന്‍ പറഞ്ഞയാളാണ് പ്രധാനമന്ത്രി’; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

കോഴിക്കോട്: ബിജെപി പ്രകടന പത്രികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ചന്ദ്രനില്‍ മനുഷ്യനെ അയക്കും എന്നാണ് ബിജെപിയുടെ പ്രകടന പത്രിക. രണ്ടു ഉദ്യോഗസ്ഥരെയാണ് പ്രകടന പത്രിക തയ്യാറാക്കാന്‍ ബിജെപി ഏല്‍പ്പിച്ചതെന്നും രാഹുല്‍ ഗാന്ധി കോഴിക്കോട്ട് പറഞ്ഞു. കോവിഡ് വന്നപ്പോള്‍ കൈകൊട്ടി കളിക്കാന്‍ പറഞ്ഞയാളാണ് പ്രധാനമന്ത്രി. ഓക്‌സിജന്‍ ഇല്ലാതെ ജനം മരിക്കുമ്പോള്‍ കൈകൊട്ടാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ജോലി ഇല്ല എന്ന് പറഞ്ഞപ്പോള്‍ പക്കാവട ഉണ്ടാക്കാന്‍ പറഞ്ഞയാളാണ് മോദിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മുന്‍പ് മോദി സമുദ്രത്തില്‍ പോയിരുന്നു. മോദി ഒരിക്കല്‍ കൂടി സമുദ്രത്തിന്റെ അടിയില്‍ പോകും. അവിടെ വെച്ച് പ്രകടന പത്രിക പ്രഖ്യാപിക്കും. അവിടെ ചെന്നിട്ട് പറയും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാന്‍ പോകുകയാണെന്ന്. ഒരിയ്ക്കല്‍ അദ്ദേഹവും ചന്ദ്രനില്‍ പോയെന്നിരിക്കാം. എന്നിട്ട് പറയും കണ്ടോ ഞാന്‍ ചന്ദ്രനില്‍ പോകുമെന്ന് പറഞ്ഞിരുന്നില്ലേ എന്ന്. ഇതൊക്കെയാണ് കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വൈവിധ്യങ്ങളുടെ ശക്തി ലോകത്തിനു കാണിച്ചു കൊടുത്ത രാജ്യമാണ് ഇന്ത്യ. ഭരണഘടന ഒരു പുസ്തകമല്ല. ഓരോ പൗരനോടുമുള്ള പ്രതിബദ്ധതയാണ് ഭാരണഘടന. ഈ ഭരണഘടന മാറ്റുമെന്നു ബിജെപി എംപിമാര്‍ പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ജനങ്ങളുടെ പ്രകടന പത്രികയാണെന്നും രാഹുല്‍ പറഞ്ഞു. സ്ത്രീകള്‍ ചെയ്യുന്ന ഇരട്ടി ജോലിക്ക് വേണ്ട നഷ്ടപരിഹാരം പ്രഖ്യാപിക്കും. ദാരിദ്ര്യരേഖക്കു കീഴിലുള്ള കുടുംബത്തിലെ ഒരു സ്ത്രീയെ തെരഞ്ഞെടുത്തു അവരുടെ അക്കൗണ്ടില്‍ ഒരു വര്‍ഷം ഒരു ലക്ഷം രൂപ നല്‍കുന്ന പദ്ധതി കൊണ്ടുവരും. സ്ത്രീകള്‍ക്കു 50%സംവരണം ജോലിയില്‍ ഉറപ്പ് വരുത്തും. അംഗനവാടി ജീവനക്കാരുടെ വേതനം ഇരട്ടിയാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അഗ്‌നിവീര്‍ പദ്ധതിയിലൂടെ തൊഴില്‍ നഷ്ടപ്പെടുത്തുകയാണ് മോദി ചെയ്തത്. ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ അഗ്‌നിവീര്‍ നിര്‍ത്തലാക്കും. പഴയ രീതിയില്‍ ഉള്ള പ്രവേശനം നടത്തും. ജിഎസ്ടി ലളിതമാക്കും. 30ലക്ഷം ഒഴിവുകള്‍ കേന്ദ്രം നികത്തിയിട്ടില്ല. ഇത് നല്‍കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. കരാര്‍ നിയമനം ആണ് അധികവും ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നത്. തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും ഇല്ല. കരാര്‍ ജോലിക്ക് പകരം സ്ഥിരം നിയമനങ്ങള്‍ നല്‍കുമെന്നും ഇന്ത്യയില്‍ ഒളിമ്പിക്‌സ് കൊണ്ടു വരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top