ഡൽഹി: ഇന്ത്യയുടെ മകൾക്ക് നീതി വേണമെന്നും രാജ്യം മുഴുവൻ കൂടെയുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിനേഷ് ഫോഗട്ടിനു നീതി ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു. ഒളിമ്പിക്സ് അസോസിയേഷനിൽ അപ്പീൽ നൽകാൻ സർക്കാർ തയ്യാറാകണം. വിനേഷ് ഫോഗട്ടിൻറെ വിഷമത്തിൽ പങ്കുചേരുന്നതായും ഖാർഗെ വ്യക്തമാക്കി. പാരിസ് ഒളിമ്പിക്സിൽ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലിൽ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് നടപടി.
പരിശോധനയിൽ നൂറ് ഗ്രാം കൂടുതലാണ് കണ്ടെത്തിയത്. നേരത്തെ വിനേഷിൻറെ ഒളിമ്പിക്സിലെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു. ‘‘ഒറ്റ ദിവസം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഗുസ്തി താരങ്ങളെ തോൽപ്പിച്ച വിനേഷ് ഫോഗട്ടിനൊപ്പം, ഇന്ന് ഈ രാജ്യം ഒന്നടങ്കം വികാരഭരിതരാണ്. വിനേഷ് ഫോഗട്ടിന്റെയും സഹതാരങ്ങളുടെയും പോരാട്ടങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ ഉദ്ദേശ്യശുദ്ധിയെയും കഴിവിനെയും സംശയത്തോടെ വീക്ഷിക്കുകയും ചെയ്തവർക്കെല്ലാം ഇതാ ഉത്തരം ലഭിച്ചിരിക്കുന്നു. ഇന്ത്യയുടെ ഈ ധീരപുത്രിക്കു മുന്നിൽ അധികാര വ്യവസ്ഥയൊന്നാകെ നഗ്‌നമാക്കപ്പെട്ടിരിക്കുന്നു. അവളുടെ കണ്ണുകളിൽ നിന്നൊഴുകുന്നത് ചോരയാണ്. ഇതാണ് യഥാർഥ ജേതാവിന്റെ അടയാളം. അവരുടെ മറുപടികൾ എക്കാലവും ഗോദയിലായിരിക്കും.
വിനേഷ് ഫോഗട്ടിന് എല്ലാവിധ ആശംസകളും. പാരിസിൽ താങ്കൾ നേടിയ വിജയത്തിന്റെ പ്രതിധ്വനികൾ ഡൽഹിയിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു.’’ എന്നാണ് കോൺഗ്രസ് നേതാവ് എക്സിൽ കുറിച്ചത്. അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ നിർജ്ജലീകരണം മൂലം ബോധരഹിതയായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയിൽ ക്യൂബയുടെ യുസ്നെയ്‍ലിസ് ഗുസ്മൻ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിൻറെ ഫൈനൽ പ്രവേശം. വമ്പൻ താരങ്ങളെയെല്ലാം മലർത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഇന്നു രാത്രി നടക്കുന്ന ഫൈനലിൽ അമേരിക്കയുടെ സാറ ആൻ ഹിൽഡർബ്രാൻറിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്.