ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന രാഹുൽ ഗാന്ധി, ഭരണഘടനയെ നോക്കുകുത്തിയാക്കിയ ‘ആ’ കാലവും ഓർക്കണം

ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന രാഹുൽ ഗാന്ധി, ഭരണഘടനയെ നോക്കുകുത്തിയാക്കിയ ‘ആ’ കാലവും ഓർക്കണം

അടിയന്തരാവസ്ഥയുടെ ഈ 49-ാം വാർഷികത്തിൽ നാം ഓർക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ നിരവധി കാര്യങ്ങൾ ഉണ്ട്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം തുടർച്ചയായ മൂന്നാം തവണയാണ് ഇപ്പോൾ അധികാരത്തിൽ വന്നിരിക്കുന്നത്. ലോകസഭയിൽ 400 സീറ്റുകൾ എന്ന അവരുടെ കണക്കു കൂട്ടലുകൾ തെറ്റിയെങ്കിലും വ്യക്തമായ ഭൂരിപക്ഷം മോദി സർക്കാറിനുണ്ട്. കേന്ദ്ര ഏജൻസികൾ അവരുടെ ഒപ്പമുള്ളതിനാൽ 5 വർഷവും കാലാവധി തികയ്ക്കാൻ തന്നെയാണ് സാധ്യത. 400 സീറ്റുകൾ ഇല്ലാത്തതിനാൽ ഏകാധിപത്യ സ്വഭാവം മോദി സർക്കാർ കാണിക്കില്ലെന്ന കണക്കു കൂട്ടലും ഉടൻ തെറ്റും. എൻ.ഡി.എ ഘടക കക്ഷികൾ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചാൽ ആ പാർട്ടികളെ തന്നെ ബി.ജെ.പി പിളർത്തും. അതാണ് മോദിയുടെ പ്രവർത്തന രീതി. ഒരിക്കലും ഘടക കക്ഷികൾക്കോ പ്രതിപക്ഷ പാർട്ടികൾക്കോ കീഴ്പ്പെട്ട് അദ്ദേഹം ഭരിക്കില്ല. ലോകസഭ സ്പീക്കർ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിയതു തന്നെ ഇതിന് ഉദാഹരണമാണ്.

മോദിയെ ഏകാധിപതി എന്ന് കമ്യൂണിസ്റ്റു പാർട്ടികൾ വിശേഷിപ്പിച്ചാലും രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും അങ്ങനെ വിശേഷിപ്പിക്കാൻ യാതൊരു അർഹതയുമില്ല. അക്കാര്യവും ഈ ഘട്ടത്തിൽ ചൂണ്ടിക്കാട്ടാതിരിക്കാൻ കഴിയുകയില്ല.

ഇന്ത്യൻ ഭരണഘടനയുടെ പതിപ്പ് ഉയർത്തിപ്പിടിച്ച് മോദി സർക്കാറിനെതിരെ ലോകസഭയിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി അദ്ദേഹത്തിൻ്റെ പിതാവിൻ്റെ അമ്മകൂടിയായ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ ഇരുണ്ട കാലവും ഓർക്കുന്നത് നല്ലതാണ്.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ വിവാദപൂർണ്ണമായ നീണ്ട 21 മാസങ്ങൾ ആയിരുന്നു ആ അടിയന്തരാവസ്ഥക്കാലം. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് ആണ് ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. അധികാര ദുർവിനയോഗത്തിനും ഏകാധിപത്യ ഭരണത്തിനും തുടക്കമായതും അവിടെ നിന്നാണ്.

അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതോടെ സ്വയം ഉത്തരവുകൾ പുറപ്പെടുവിച്ച് ഭരിക്കുവാനും തിരഞ്ഞെടുപ്പുകളും പൗരാവകാശങ്ങളും റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും ഉള്ള അധികാരവും ഇന്ദിരാ ഗാന്ധിക്ക് ലഭിക്കുകയുണ്ടായി.1975 ജൂൺ 25 മുതൽ 1977 വരെ നീണ്ടു നിൽക്കുന്നതായിരുന്നു ആ ഇരുണ്ടകാലം.

അടിയന്തരാവസ്ഥയിൽ വിചാരണകൂടാതെ രാജ്യത്താകെ തടവിലാക്കപ്പെട്ടവർ 1,40,000 വരുമെന്നാണ് ആംനസ്‌റ്റി ഇന്റർനാഷണലിന്റെ കണക്കുകളിൽ പറയുന്നത്. കേരളത്തിലെ ഔദ്യോഗിക കണക്ക്‌ പ്രകാരം 8,058 പേർ ഇവിടെ തടവിലാക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ഓരോ പാർട്ടിക്കാർക്കുമായി സൈക്ലോസ്റ്റെെൽ ചെയ്തു‌വച്ച കുറ്റപത്രമാണ്‌ നൽകിയിരുന്നത്‌. അവിടെ പേരു മാത്രമാണ് എഴുതിച്ചേർക്കുന്നത്.

സർക്കാരിനെതിരായ ദേശീയ പ്രക്ഷോഭത്തിൽ ഇവർ പങ്കെടുക്കാനിടയുണ്ട്‌. അതിനാൽ ജയിലിലിടുന്നു എന്നാണ്‌ പ്രതിപക്ഷ നേതാക്കൾക്ക്‌ നൽകിയ കുറ്റപത്രങ്ങളിൽ വ്യക്തമാക്കിയിരുന്നത്. കേരളത്തിൽ സിപിഎം പ്രവർത്തകർക്കൊപ്പം തന്നെ വിമത കോൺഗ്രസ്‌ നേതാക്കളെയും ജയിലിലാക്കിയിരുന്നു എന്നതും ചരിത്രമാണ്.

ജയിലിലായവരിൽ പലരും ഭീകര പീഡനത്തിനാണ് ഇരയായിരുന്നത്. കോഴിക്കോട്‌ ആർഇസി വിദ്യാർഥി പി രാജനെപ്പോലെ നിരവധിപേർ ക്രൂരമായി കൊല്ലപ്പെട്ടു. അന്ന്‌ എംഎൽഎ ആയിരുന്നിട്ടും പിണറായി വിജയനും കൊടിയ മർദനത്തിനാണ് ഇരയായിരുന്നത്. അതിക്രമങ്ങൾ ഇതിലൊന്നും തന്നെ ഒതുങ്ങിയിരുന്നില്ല. 81,32,209 പുരുഷന്മാരെ നിർബന്ധിത വന്ധ്യംകരണത്തിനു വിധേയരാക്കിയതും ഞെട്ടിക്കുന്നതാണ്. പഴയ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിലെ ചേരികളും താഴ്ന്ന വരുമാനമുള്ളവരുടെ വീടുകളും വ്യാപകമായി തകർത്തെറിയപ്പെട്ടു. ഡൽഹിയിൽ മാത്രം 1,50,105 കുടിലുകളാണ് തകർക്കപ്പെട്ടത്. തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച്‌ ഒട്ടേറെ തൊഴിലാളി ദ്രോഹനടപടികളും ഇക്കാലത്തുണ്ടായിട്ടുണ്ട്.

ഇന്ത്യൻ ജനതയുടെ ജനാധിപത്യബോധവും പൗരാവകാശങ്ങളും ജനാധിപത്യപരമായ പ്രവർത്തനങ്ങളും നിഷേധിച്ച്‌ ഇന്ദിര ഗാന്ധി സർക്കാർ നടപ്പാക്കിയ അടിയന്തരാവസ്ഥയ്ക്ക്‌ 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് പക്ഷേ, വൻ തിരിച്ചടിയാണ്.

എഴുത്തും വായനയും അറിയില്ലെങ്കിലും രാഷ്‌ട്രീയം തിരിയുമായിരുന്ന വടക്കേ ഇന്ത്യൻ ജനത ഇന്ദിരയുടെ അമിതാധികാര വാഴ്‌ചയുടെ അന്ത്യമാണ് തിരഞ്ഞെടുപ്പിൽ കുറിച്ചത്. രാജ്യം മുഴുവൻ ഇന്ദിരാ വിരുദ്ധ തരംഗം ആഞ്ഞടിച്ച ആ തിരഞ്ഞെടുപ്പിൽ അത്ഭുതം സംഭവിച്ചത് കേരളത്തിലാണ്. ഇവിടെ വൻ വിജയമാണ് കോൺഗ്രസ്സ് നേടിയിരുന്നത്. എന്നാൽ ഈ തെറ്റ് അധികം താമസിയാതെ തന്നെ കേരള ജനത തിരുത്തുന്നതും രാഷ്ട്രീയ ഇന്ത്യ കണ്ട വേറിട്ട കാഴ്ചയാണ്. 1980-ൽ കക്ഷിബന്ധങ്ങൾ മാറിമറിയുകയും സിപിഐയും കോൺഗ്രസിലെ ഒരു വിഭാഗവും കേരള കോൺഗ്രസും ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കപ്പെടുകയും ചെയ്‌തതോടെ 1980-ലെ തെരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇന്ദിര കോൺഗ്രസിന് വൻ തിരിച്ചടിയാണ് ലഭിച്ചിരുന്നത്.

ഈ ചരിത്രവും ചരിത്ര യാഥാർത്ഥങ്ങളും ഒരു കോൺഗ്രസ്സുകാരനും മറന്നു പോകരുത്. ഒറ്റ സീറ്റ് കിട്ടിയില്ലങ്കിലും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരാൻ കഴിയുമെന്നത് 1980-ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കാണിച്ചു തന്നിട്ടുള്ളതാണ്. പിന്നീട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആ ചരിത്രം ആവർത്തിക്കുകയുണ്ടായി. 2026 നെ നേരിടാൻ ഇടതുപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നതും രാഷ്ട്രീയ കേരളത്തിലെ ഇത്തരം യാഥാർത്ഥ്യങ്ങൾ തന്നെ ആയിരിക്കും. അതാകട്ടെ, വ്യക്തവുമാണ്.

EXPRESS KERALA VIEW

Top