തിരുവനന്തപുരം: രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളില്‍ റോഡ് ഷോ നടത്തും. പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ രാഹുല്‍ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുല്‍ പങ്കെടുക്കും. ഇടതു ക്യാമ്പിനായി പ്രകാശ് കാരാട്ടും ഡി രാജയും ഇന്ന് തിരുവനന്തപുരത്തുണ്ട്. വരും ദിവസങ്ങളില്‍ ദേശീയ നേതാക്കളുടെ വന്‍പട തന്നെ സംസ്ഥാനത്തെ പ്രചാരണത്തിനെത്തും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരുവില്‍ നിന്ന് വിമാനമാര്‍ഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. രാവിലെ 9 മണിയോടെ ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ഇവിടെ നിന്ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. ജനുവരി മുതല്‍ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.