ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശം വിവാദമാക്കിയത് ബിജെപിയുടെ തന്ത്രമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സഭാരേഖകളില്‍ നിന്ന് ‘ഹിന്ദു, അഗ്‌നിവീര്‍’ പരാമര്‍ശങ്ങള്‍ നീക്കപ്പെട്ടതിന് പിന്നാലെ രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അഖിലേഷ്.
‘ഇന്ത്യ, ഭരണഘടന, ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ചെറുത്തുനില്‍ക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നിട്ടുണ്ട്. ഞങ്ങളില്‍ പലരും ആക്രമിക്കപ്പെട്ടു. ചില നേതാക്കള്‍ ഇപ്പോഴും ജയിലിലാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തെ എതിര്‍ത്തവരും ദരിദ്രരും ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെട്ടു. രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ ഞാനും ആക്രമിക്കപ്പെട്ടു. അതില്‍ ഏറ്റവും ആസ്വാദ്യകരമായത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ 55 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ആയിരുന്നുവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു.
ഹിന്ദുക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടര്‍ച്ചയായി കള്ളങ്ങള്‍ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നരേന്ദ്രമോദി നല്‍കിയിരുന്നു. രാഹുലിന്റെ പരാമര്‍ശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളില്‍നിന്ന് പരാമര്‍ശം നീക്കിയത്. ബിജെപി, ആര്‍എസ്എസ് എന്നിവര്‍ക്കെതിരായ പരാമര്‍ശങ്ങളും നീക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇന്ന് മറുപടി പറയാനിരിക്കെയാണ് പരാമര്‍ശങ്ങള്‍ നീക്കിയത്. കനത്ത ആക്രമണമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മോദിക്കെതിരെ ലോക്‌സഭയില്‍ അഴിച്ചുവിട്ടത്. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നുപറഞ്ഞ് ലോക്സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയ രാഹുല്‍ എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും കടന്നാക്രമിച്ചു. ധൈര്യത്തെക്കുറിച്ചാണ് എല്ലാമതത്തിലും പരാമര്‍ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു.