‘മാധ്യമങ്ങളെ തള്ളിമാറ്റുകയെന്നത് അംഗീകരിക്കാനാവില്ല, കേന്ദ്രമന്ത്രി സ്വന്തം പ്രതിച്ഛായക്ക് കളങ്കംവരുത്തുന്നതെന്തിന്?’: രാഹുല്‍ മാങ്കൂട്ടത്തില്‍

സി.പി.എം. എം.എല്‍.എയ്ക്കുവേണ്ടി എന്തിനാണ് ബി.ജെ.പിയുടെ കേന്ദ്രമന്ത്രി സ്വന്തം പ്രതിച്ഛായയ്ക്കുതന്നെ കളങ്കംവരുത്തുന്നതെന്ന് രാഹുല്‍

‘മാധ്യമങ്ങളെ തള്ളിമാറ്റുകയെന്നത് അംഗീകരിക്കാനാവില്ല, കേന്ദ്രമന്ത്രി സ്വന്തം പ്രതിച്ഛായക്ക് കളങ്കംവരുത്തുന്നതെന്തിന്?’: രാഹുല്‍ മാങ്കൂട്ടത്തില്‍
‘മാധ്യമങ്ങളെ തള്ളിമാറ്റുകയെന്നത് അംഗീകരിക്കാനാവില്ല, കേന്ദ്രമന്ത്രി സ്വന്തം പ്രതിച്ഛായക്ക് കളങ്കംവരുത്തുന്നതെന്തിന്?’: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: മാധ്യമങ്ങളോട് ക്ഷുഭിതനായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. നടനും എം.എല്‍.എയുമായ മുകേഷിനെതിരായ ലൈംഗികാരോപണത്തിലായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങളെ തള്ളിമാറ്റിയത്. സി.പി.എം. എം.എല്‍.എയ്ക്കുവേണ്ടി എന്തിനാണ് ബി.ജെ.പിയുടെ കേന്ദ്രമന്ത്രി സ്വന്തം പ്രതിച്ഛായയ്ക്കുതന്നെ കളങ്കംവരുത്തുന്ന രീതിയില്‍ പ്രകോപനപരമായി പ്രതികരിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ അനിഷ്ടമുണ്ടെങ്കില്‍ ഒഴിഞ്ഞുമാറാനും നിങ്ങളുടെ ഉദ്ദേശ്യലക്ഷ്യം ശരിയല്ല എന്നൊക്കെ പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, തള്ളിമാറ്റുകയെന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ ചെയ്തിയിലൂടെ ബി.ജെ.പിയുടെ സമരങ്ങള്‍ ഒരു ആത്മാര്‍ഥതയും ഇല്ലാത്തതാണെന്നും നേതൃതലത്തില്‍ ബി.ജെ.പിയും സി.പി.എമ്മും അഡ്ജസ്റ്റുമെന്റാണെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

Also Read: ‘സുരേഷ് ഗോപിക്ക് കുറ്റബോധം’, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് അനിൽ അക്കര
ഇതിനിയും ബോധ്യപ്പെടാത്തത് സി.പി.എമ്മുകാര്‍ക്കും ബി.ജെ.പിക്കാര്‍ക്കുമാണെന്നും അദ്ദേഹം പരിഹസിച്ചു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളില്‍ മുകേഷിനെതിരായുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. കോടതി വല്ലതും പറഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു. ചൊവ്വാഴ്ച രാവിലെ ഒല്ലൂരില്‍ വിശുദ്ധ എവുപ്രാസ്യാമ്മയുടെ കബറിടം സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിഷയത്തില്‍ അഭിപ്രായം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറിയിരുന്നു. അതിനിടെ, സുരേഷ് ഗോപിയുടെ പ്രതികരണത്തെ തള്ളി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ രംഗത്തെത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി നിലപാട് പറയാന്‍ തത്കാലം ചുമതലപ്പെടുത്തിയിരിക്കുന്നത് പാര്‍ട്ടി അധ്യക്ഷനെയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാര്‍ട്ടി നിലപാടിനോട് ചേര്‍ന്നുപോവുക എന്നതാണ് എല്ലാപാര്‍ട്ടി പ്രവര്‍ത്തകരും ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

Top