നീലപ്പെട്ടി…ക്രിസ്റ്റൽ ക്ലിയർ… ഇ.പി… വിവാദങ്ങളിൽ വിളവെടുപ്പ് നടത്തി കോൺഗ്രസ്, ഇത് വി.ഡിയുടെ വിജയം

പാലക്കാട് കുത്തകയാക്കിയ ഷാഫി പറമ്പിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വിജയം നേടിയതോടെയാണ് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

നീലപ്പെട്ടി…ക്രിസ്റ്റൽ ക്ലിയർ… ഇ.പി… വിവാദങ്ങളിൽ വിളവെടുപ്പ് നടത്തി കോൺഗ്രസ്, ഇത് വി.ഡിയുടെ വിജയം
നീലപ്പെട്ടി…ക്രിസ്റ്റൽ ക്ലിയർ… ഇ.പി… വിവാദങ്ങളിൽ വിളവെടുപ്പ് നടത്തി കോൺഗ്രസ്, ഇത് വി.ഡിയുടെ വിജയം

പാലക്കാട്: നീലപ്പെട്ടിയടക്കം വിവാദങ്ങളിലൂടെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഈ വിജയം ചേലക്കര പിടിക്കാൻ കഴിയാത്ത നിരാശകൾക്കിടയിലും കോൺഗ്രസിനും പ്രതിപക്ഷത്തിനും പുതുജീവൻ പകരുന്നതാണ്. പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.

തന്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച ഷാഫി പറമ്പിലിന്റെയും കോൺഗ്രസിലെ പ്രതിയോഗികളെ നിഷ്പ്രഭമാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും രാഷ്ട്രീയ വിജയം കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പാലക്കാട് കുത്തകയാക്കിയ ഷാഫി പറമ്പിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വിജയം നേടിയതോടെയാണ് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Also Read: ചേലക്കരയിൽ ചേലോടെ പ്രദീപ്

ഷാഫിയില്ലാത്ത പാലക്കാട് ഏതുവിധേനയും തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് ഇടതുപക്ഷം പോരിനിറങ്ങിയത്. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ കലാപക്കൊടി ഉയർത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ഡോ. സരിനെയാണ് നേരം ഇരുട്ടിവെളുക്കും മുൻപേ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കിയിരുന്നത്. പരാജയപ്പെട്ടെങ്കിലും ഇടതുപക്ഷത്ത് വോട്ട് ചോർച്ച ഉണ്ടാകാതിരുന്നത് സി.പി.എമ്മിന് ആശ്വാസമാണ്. അതേസമയം, ബി.ജെ.പിക്കാണ് ശരിക്കും പ്രഹരമേറ്റിരിക്കുന്നത്. വൻ വോട്ട് ചോർച്ചയാണ് ബി.ജെ.പി ഭരിക്കുന്ന നഗരസഭയിലടക്കം ഉണ്ടായിരിക്കുന്നത്.

Shafi parambil

വിവാദങ്ങൾ അരങ്ങ് തകർത്ത പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ, ഹോട്ടലിൽ നീലപ്പെട്ടിയിൽ കള്ളപ്പണം എത്തിച്ചെന്ന പരാതിയിൽ പാതിരാത്രി നടന്ന റെയ്ഡ് വൻ സംഘർഷത്തിനാണ് കാരണമായിരുന്നത്. മഹിളാ കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളിൽ റെയ്ഡ് നടത്തിയിട്ടും, വിവാദ പെട്ടി കിട്ടിയിരുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ കുരുക്കാനായി ഉയർത്തി കൊണ്ടുവന്ന ഈ പെട്ടി വിവാദവും ഒടുവിൽ കോൺഗ്രസിന് അനുകൂലമാവുകയായിരുന്നു.

Also Read: ‘വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട’; സജി ചെറിയാന്‍

സി.പി.എം നേതാവ് എ.കെ ബാലൻ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മുൻ ബി.ജെ.പി വക്താവ് സന്ദീപ് വാര്യരെ അവസാന നിമിഷം സ്വന്തം പാളയത്തിലെത്തിച്ചതും കോൺഗ്രസിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഗുണം ചെയ്തിട്ടുണ്ട്. സന്ദീപിനെ സ്വീകരിച്ചതിന് എതിരായ സി.പി.എം പ്രചരണത്തെ പൊളിക്കാൻ എ.കെ ബാലൻ്റെ പ്രതികരണമാണ് യു.ഡി.എഫ് പ്രയോഗിച്ചിരുന്നത്. 2021ൽ മെട്രോ മാൻ ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ 3859 വോട്ടിന്റെ നേരിയ ഭൂരിപക്ഷമായിരുന്നു ഷാഫി പറമ്പലിന്. മൂന്നാം സ്ഥാനത്തായിരുന്ന ഇടതുപക്ഷത്തിന് കേവലം 36,433 വോട്ടും 25.64 ശതമാനവുമാണ് ലഭിച്ചത്. ഇ. ശ്രീധരന് 35.34 ശതമാനവുമായി 50,220 വോട്ടുപിടിച്ചപ്പോൾ ഷാഫി പറമ്പിൽ 38.06 ശതമാനവുമായി 54,079 വോട്ടാണ് നേടിയത്.

E Sreedharan

ഇ. ശ്രീധരൻ നടത്തിയ മുന്നേറ്റം അടിത്തറയാക്കി പാലക്കാട് പിടിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രചരണം. നാട്ടുകാരനായ സി.കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയായിരുന്നു മത്സരം. ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം അവഗണിച്ചാണ് സുരേന്ദ്രന്റെ നേതൃത്വത്തിൽ കൃഷ്ണകുമാറിനെ കളത്തിലിറക്കിയിരുന്നത്. സരിനെതിരായ ഇ.പി ജയരാജൻ്റെതായി വന്ന പരാമർശം ഇപി തന്നെ പിന്നീട് തിരുത്തിയെങ്കിലും ഈ വിവാദവും പാർട്ടി ചിഹ്നം ഒഴിവാക്കിയതും ഇടതുപക്ഷ വോട്ട് ബാങ്കിനെ ബാധിച്ചിട്ടുണ്ട്. എങ്കിലും വോട്ട് ചോർച്ച ഉണ്ടാകാതിരുന്നത് നേട്ടം തന്നെയാണ്.

Also Read: ബി.ജെ.പിയും യു.ഡി.എഫും ഒരമ്മ പെറ്റ മക്കളെ പോലെ പ്രചരണങ്ങള്‍ നടത്തി- മന്ത്രി മുഹമ്മദ് റിയാസ്

ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിലുള്ള എതിർപ്പ് ബിജെപി പാളയത്തിൽ നിന്നും വോട്ടുകൾ ചോരാൻ കാരണമായതായാണ് കണക്കുകൾ കാണിക്കുന്നത്. ബിജെപി ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയിലടക്കം രാഹുൽ മാങ്കൂട്ടത്തിലിന് ഭൂരിപക്ഷം നേടാനായത് കോൺഗ്രസിനെയും ഞെട്ടിച്ചിട്ടുണ്ട്. പാലക്കാട്ടെ വിജയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും ഷാഫി പറമ്പിലിനും വി.കെ ശ്രീകണ്ഠനും അവകാശപ്പെട്ടതാണ്. ഇവരുടെ നേതൃത്വത്തിലാണ് സകല പ്രചരണ പ്രവർത്തനങ്ങളും നടന്നിരുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടിയിലുണ്ടായിരുന്ന അപസ്വരവും കെ. മുരളീധരന്റെ അതൃപ്തിയും സന്ദീപ് വാര്യരെ കോൺഗ്രസിൽ കൊണ്ടുവന്നത് അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ പരിഭവവും പടലപ്പിണക്കങ്ങളും എല്ലാം അതിജീവിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കരുത്ത് പകരുന്നതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാടൻ വിജയം.

Top