കോട്ടയം: പി. സരിന്‍ തനിക്കെതിരായി മത്സരിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ ഒരു വാര്‍ത്തയും വന്നിട്ടില്ലെന്നും ഏറ്റവുമൊടുവില്‍ സംസാരിച്ചപ്പോഴും സരിന്‍ കോണ്‍ഗ്രസുകാരനാണെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
”സരിന്‍ എനിക്കെതിരായി മത്സരിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ ഒരു വാര്‍ത്തയും വന്നിട്ടില്ലല്ലോ, അദ്ദേഹവും അങ്ങനെ പറഞ്ഞിട്ടില്ല. ഏറ്റവുമൊടുവില്‍ പരസ്പരം സംസാരിക്കുമ്പോഴും അദ്ദേഹം കോണ്‍ഗ്രസുകാരനാണ്. ഈ നിമിഷവും അങ്ങനെ തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരു പൊതു പ്രവര്‍ത്തകന്റെ ഏറ്റവും വലിയ മൂലധനം രാഷ്ട്രീയ ധാര്‍മികതയാണ്.
Also Read: സി.പി.എം – ബി.ജെ.പി ഒത്തുകളിയെന്ന ആരോപണം പൊളിഞ്ഞു, ഉപതിരഞ്ഞെടുപ്പിൽ ഇനി ആ പ്രചരണം ഏശില്ല
സരിന്‍ പറയാതെ അദ്ദേഹത്തെ മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാന്‍ നോക്കിയാല്‍ ഇന്നലകളില്‍ എതിര്‍ത്തിട്ടുള്ളത് പോലെ ഇന്നും ഞാന്‍ അദ്ദേഹത്തിന് വേണ്ടി എതിര്‍ക്കും. സരിന്റെ എന്റെ അടുത്ത സുഹൃത്താണ്. കഴിഞ്ഞ ദിവസം പാലക്കാട്ടെ എല്ലാ കോണ്‍ഗ്രസ് നേതാക്കളെയും വിളിക്കുന്നതു പോലെ അദ്ദേഹത്തെയും വിളിച്ചിരുന്നു. എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
ബുധനാഴ്ച സംസാരിക്കുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ചുള്ള ഒരു ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്. അത് പരിഹരിക്കേണ്ടത് നേതൃത്വമാണ്,” രാഹുല്‍ വ്യക്തമാക്കി. അങ്ങനെ പറഞ്ഞൊരു മനുഷ്യനെ, അയാളുടെ രാഷ്ട്രീയ സത്യസന്ധതയെ അയാള്‍ പറയാതെ ചോദ്യം ചെയ്യുന്നതിനേക്കാള്‍ ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ എന്നും രാഹുല്‍ ചോദിച്ചു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം കോട്ടയത്ത് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങി നേതാക്കളും പ്രവര്‍ത്തകരും രാഹുലിനൊപ്പമുണ്ടായിരുന്നു.