ഡൽഹി: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം ഇന്ന് വൈകീട്ട് ചേരും. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും. ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്.
99 സീറ്റ് നേടിയ കോൺഗ്രസ് പത്ത് വർഷത്തിന് ശേഷമാണ് പാർലമെൻ്റിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. പാർലമെൻററി പാർട്ടി യോഗത്തിന് മുന്നോടിയായി വിശാല പ്രവർത്തക സമിതിയും യോഗം ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന യോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിലും, രാഹുൽ ഏത് മണ്ഡലം നിലനിർത്തണമെന്നതിലും ചർച്ച നടത്തും.