ന്യൂഡൽഹി: മിസ് ഇന്ത്യ വിജയികളിൽ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർ ഉണ്ടാകുന്നില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദളിത്, ഗോത്ര, ഒബിസി വിഭാഗത്തിൽപ്പെട്ട ഇന്ത്യയിലെ 90 ശതമാനം വരുന്ന ആളുകളും മുഖ്യധാരയുടെ ഭാഗമല്ലെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ മാധ്യമമേഖലയിലെ മുതിർന്ന അവതാരകരിലും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർ പ്രദേശിലെ സംവിധാൻ സമ്മാൻ സമ്മേളനത്തിൽ സംസാരിക്കവേയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
‘ഞാൻ മിസ് ഇന്ത്യയുടെ പട്ടിക പരിശോധിച്ചു. അതിൽ ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർ ഉൾപ്പെടുന്നില്ല. ചിലർ ബോളിവുഡിനെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചും സംസാരിക്കും. എന്നാൽ ആരും ചെരുപ്പുകുത്തികളെക്കുറിച്ചോ, പംബ്ലറെക്കുറിച്ചോ സംസാരിക്കില്ല. മാധ്യമ മേഖലയിലെ അവതാരകരിൽ പോലും ഈ 90 ശതമാനം വരുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരല്ല. കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ബോളിവുഡ്, മിസ് ഇന്ത്യ തുടങ്ങിയവയിൽ ഈ വിഭാഗത്തിൽ നിന്നും എത്ര പേരുണ്ടെന്ന് അറിയണം,’ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ 90 ശതമാനം വരുന്ന ജനങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിന് വേണ്ടി ജാതി സെൻസസ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് നടത്താൻ ആവശ്യപ്പെടുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതാണ് തന്റെ ലക്ഷ്യമെന്നും ഭാവിയിൽ ഇക്കാരണങ്ങളാൽ തോൽക്കേണ്ടി വന്നാലും കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാഹുലിന്റെ പരാമർശത്തെ പരിഹസിച്ച് കൊണ്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു രംഗത്തെത്തി. ബാലബുദ്ധിയിൽ നിന്നുമാണ് രാഹുലിന് ഇങ്ങനെ പറയാൻ സാധിക്കുന്നതെന്ന് റിജിജു പരിഹസിച്ചു. രാഹുൽ ഗാന്ധി ഫാക്ട് ചെക്ക് നടത്തണമെന്നും ഗോത്ര വിഭാഗത്തിൽ നിന്നുമുള്ള ആദ്യത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാഗമാണെന്നും എസ് സി, എസ് ടി വിഭാഗത്തിൽ നിന്നുമുള്ള നിരവധി കേന്ദ്ര മന്ത്രിമാരുണ്ടെന്നും സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ കിരൺ റിജിജു പ്രതികരിച്ചു.
Also Read:സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മാപ്പർഹിക്കാത്തത്: നരേന്ദ്ര മോദി
‘ഇപ്പോൾ അദ്ദേഹത്തിന് മിസ് ഇന്ത്യ മത്സരം, സിനിമ, കായികം തുടങ്ങിയ മേഖലകളിൽ സംവരണം വേണം. ഇത് ബാലബുദ്ധിയുടെ മാത്രം പ്രശ്‌നമല്ല, ഇദ്ദേഹത്തെ പിന്തുണക്കുന്ന ആളുകൾക്കും തുല്യ ഉത്തരവാദിത്തമുണ്ട്. കുട്ടിത്തം വിനോദത്തിന് നല്ലതാണ്. എന്നാൽ നിങ്ങളുടെ ഭിന്നിപ്പിക്കൽ തന്ത്രങ്ങൾക്ക് വേണ്ടി പിന്നാക്ക വിഭാഗക്കാരെ കളിയാക്കരുത്,’ കിരൺ റിജിജു പറഞ്ഞു.