CMDRF

അദ്വാനി തുടങ്ങി വെച്ച രഥയാത്ര ഇന്ത്യാസഖ്യം അവസാനിപ്പിച്ചെന്ന് രാഹുൽ

അദ്വാനി തുടങ്ങി വെച്ച രഥയാത്ര ഇന്ത്യാസഖ്യം അവസാനിപ്പിച്ചെന്ന് രാഹുൽ
അദ്വാനി തുടങ്ങി വെച്ച രഥയാത്ര ഇന്ത്യാസഖ്യം അവസാനിപ്പിച്ചെന്ന് രാഹുൽ

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അയോധ്യയില്‍ എല്‍കെ അദ്വാനി ആരംഭിച്ച രാമക്ഷേത്ര സമരത്തെ ഇന്ത്യാ സഖ്യം പരാജയപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഹമ്മദാബാദില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘വിമാനത്താവളം പണിതപ്പോള്‍ അയോധ്യയിലെ കര്‍ഷകര്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അയോധ്യയിലെ പാവപ്പെട്ട ജനങ്ങളെ വിളിച്ചില്ല. പകരം അംബാനിയും അദാനിയും ഉള്‍പ്പടെയുള്ള സമ്പന്നര്‍ക്കായിരുന്നു ക്ഷണം ലഭിച്ചത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അയോധ്യ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ മോദി നേരത്തെ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ മണ്ഡലങ്ങളില്‍ ബിജെപിക്ക് തോല്‍വി ഉണ്ടാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മോദി പിന്‍മാറുകയായിരുന്നു. ദൈവവുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് മോദി അവകാശപ്പെടുന്നത്. പിന്നെ എന്തുകൊണ്ടാണ് അയോധ്യ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിജെപിക്ക് തോല്‍ക്കേണ്ടി വന്നതെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ ലോക്സഭയില്‍ ഹിന്ദുക്കള്‍ക്കെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് അഹമ്മദാബാദിലെ കോണ്‍ഗ്രസിന്റെ ഓഫീസ് ബി.ജെ.പി അടിച്ച് തകര്‍ത്തിരുന്നു. ഇതില്‍ അറസ്റ്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ ഓഫീസുകളെല്ലാം ബിജെപി അടിച്ച് തകര്‍ക്കുകയാണെന്ന് സംഭവം പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുജറാത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്കോട്ട് ഗെയിമിങ് സെന്റര്‍ ദുരന്തത്തില്‍ മരിച്ച ആളുകളുടെ ബന്ധുക്കളെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. അതോടൊപ്പം മോര്‍ബി പാലം തകര്‍ച്ചയില്‍ മരിച്ച ആളുകളുടെ ബന്ധുക്കളെയും അദ്ദേഹം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Top