രാഹുൽ പ്രതിപക്ഷ നേതാവാകണം; പ്രവർത്തക സമിതിയിൽ നിർദേശം ഉയർത്തി നേതാക്കൾ

രാഹുൽ പ്രതിപക്ഷ നേതാവാകണം; പ്രവർത്തക സമിതിയിൽ നിർദേശം ഉയർത്തി നേതാക്കൾ
രാഹുൽ പ്രതിപക്ഷ നേതാവാകണം; പ്രവർത്തക സമിതിയിൽ നിർദേശം ഉയർത്തി നേതാക്കൾ

ഡൽഹി: രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന നിർദേശം പ്രവർത്തക സമിതിയിൽ ഉയർത്തി കോൺഗ്രസ് നേതാക്കൾ. മുതിർന്ന നേതാവെന്ന നിലയിൽ രാഹുൽ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ഇത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് നേതാക്കളുടെ അഭിപ്രായം. പ്രതിപക്ഷ സ്ഥാനത്തിരുന്നുകൊണ്ട് പാർലമെന്റിൽ എൻഡിഎ സർക്കാരിനെതിരെ നിർണ്ണായക നീക്കങ്ങൾ നടത്താൻ രാഹുലിന് കഴിയും. അന്തിമ തീരുമാനം കൈകൊള്ളേണ്ടത് പാർട്ടിയാണെന്നും നേതാക്കൾ പറഞ്ഞു.

വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം നിലനിർത്തണമെന്ന് കേരളത്തിലെ നേതാക്കൾ പ്രവർത്തക സമിതിയിൽ ആവശ്യപ്പെട്ടു. അതേസമയം റായ്ബറേലി നിലനിർത്തണമെന്നാണ് ഉത്തർപ്രദേശ് പിസിസിയുടെ നിലപാട്. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാർക്ക് നന്ദി അറിയിക്കാൻ രാഹുൽ അടുത്തയാഴ്ച്ച മണ്ഡലത്തിലെത്തും. അതിന് ശേഷമായിരിക്കും ഏത് മണ്ഡലം നിലനിർത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട ഉത്തർപ്രദേശിൽ നന്ദി പ്രകാശന യാത്ര നടത്താനും കോൺഗ്രസ് തീരുമാനിച്ചു. പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് ജൂൺ 11 മുതൽ 15 വരെയായിരിക്കും യാത്ര. അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലടക്കം ബിജെപി പരാജയപ്പെട്ടിരുന്നു. ആകെയുള്ള 80 സീറ്റിൽ ഇൻഡ്യ സഖ്യത്തിൽ മത്സരിച്ച എസ്പി 37 സീറ്റിലും കോൺഗ്രസ് ആറ് സീറ്റിലും വിജയിച്ചപ്പോൾ ബിജെപി 33 സീറ്റിൽ ഒതുങ്ങി.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കടന്ന് പോയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മികച്ച വിജയം നേടിയെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ചില സംസ്ഥാനങ്ങളിലെ തോൽവി പരിശോധിക്കും. മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ തിരിച്ചടികൾ ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനമായി.

Top