വയനാട്ടിൽ രാഹുലിൻ്റെ പിൻഗാമി കെ. മുരളീധരൻ ? ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ആലോചന !

വയനാട്ടിൽ രാഹുലിൻ്റെ പിൻഗാമി കെ. മുരളീധരൻ ? ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ആലോചന !

തിരുവനന്തപുരം: രണ്ട് ലോകസഭ സീറ്റുകളിൽ വിജയിച്ച രാഹുൽ ഗാന്ധി വയനാട് സീറ്റ് ഉപേക്ഷിക്കും. റായ് ബറേലി, വയനാട് സീറ്റുകളിൽ മൂന്നു ലക്ഷത്തിൽ അധികം വോട്ടിനാണ് രാഹുൽ ഗാന്ധി വിജയിച്ചിരിക്കുന്നത്.

വയനാട് രാഹുൽ ഉപേക്ഷിക്കുന്നതോടെ, പകരം പരിഗണനയിൽ ഉള്ള പ്രിയങ്ക ഗാന്ധിക്ക് പകരം തൃശൂരിൽ പരാജയപ്പെട്ട കെ മുരളീധരനെ കോൺഗ്രസ്സ് പരിഗണിക്കണമെന്ന ആവശ്യം കോൺഗ്രസ്സിൽ ശക്തമാവുന്നു. തൃശൂരിലെ പരാജയത്തോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ കെ മുരളീധരനെ തിരികെ സജീവമാക്കാനും, പ്രവർത്തകരെ ആവേശത്തിലാക്കാനും വയനാട്ടിൽ കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന വികാരമാണ് പ്രവർത്തകരും ഒരു വിഭാഗം നേതാക്കളും ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

മുസ്ലീം ലീഗിനും ഏറെ സ്വീകാര്യനായ നേതാവായതിനാൽ, ഇത്തരം ഒരു നിർദ്ദേശം കോൺഗ്രസ്സ് മുന്നോട്ടു വച്ചാൽ ലീഗും ആ തീരുമാനത്തെ പിന്തുണയ്ക്കുവാനാണ് സാധ്യത.

വടകര സിറ്റിംഗ് എം.പി ആയിരുന്ന മുരളീധരനെ തൃശൂരിലേക്ക് അവസാന നിമിഷമാണ് മാറ്റിയിരുന്നത്. ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ബി.ജെ.പി സ്ഥാനാർത്ഥി ഈ മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയപ്പോൾ, മൂന്നാം സ്ഥാനത്തേക്കാണ് മുരളീധരൻ കൂപ്പ് കുത്തിയിരുന്നത്. ബി.ജെ.പി തന്നെ തോൽപ്പിച്ചാണ് അക്കൗണ്ട് തുറന്നത് എന്നതിൽ അതിയായ വേദനയിലായ മുരളി തൻ്റെ വിഷമം നേതാക്കളുമായി പങ്ക് വച്ച ശേഷമാണ് ഇനി മത്സരിക്കാൻ ഇല്ലന്ന നിലപാട് പ്രഖ്യാപിച്ചിരുന്നത്. ഇത് കോൺഗ്രസ്സിൽ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.

ടി.എൻ പ്രതാപൻ ഉൾപ്പെടെയുള്ള നേതാക്കൾ മുരളിയെ കാലുവാരിയെന്ന ആരോപണമാണ് തൃശൂരിലെ കോൺഗ്രസ്സിൽ ഉയർന്നിരിക്കുന്നത്. വല്ലാത്ത ഒരു പെട്ടിത്തെറിയാണ് ഈ പ്രതിസന്ധി കോൺഗ്രസ്സിൽ ഉണ്ടാക്കിയിരിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് മുരളിയെ വയനാട്ടിൽ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ്സിൽ ശക്തമായിരിക്കുന്നത്. 2026-ൽ മുരളി നിയമസഭയിലേക്ക് മത്സരിച്ചാൽ യു.ഡി.എഫിന് ഭരണം ലഭിക്കുകയാണെങ്കിൽ തന്ത്രപ്രധാന സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരുമെന്നതിനാൽ, ആ വെല്ലുവിളി ഒഴിവാക്കാൻ വയനാട്ടിൽ മത്സരിപ്പിക്കുന്നതിനോട് കോൺഗ്രസ്സിലെ പ്രബല വിഭാഗത്തിനും താൽപ്പര്യമുണ്ടെന്നാണ് സൂചന.

Top