തൃശൂരിൽ കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടിച്ചെടുത്തു. നഗരത്തിൽ 74 കേന്ദ്രങ്ങളിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടിച്ചെടുത്തത്.തൃശൂരിലെ ചെറുകിട സ്വർണവിൽപ്പന കേന്ദ്രങ്ങളിൽ ബിൽ നൽകാതെയാണ് സ്വർണം വിൽക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
വീടുകളിലും ഫ്ലാറ്റുകളിലും പരിശോധന നടത്തി. ഓപ്പറേഷൻ ടോറെ ഡെൽ ഓറോ എന്ന പേരിലാണ് റെയ്ഡ് നടത്തിയത് . സ്വർണാഭരണ നിർമാണ ഫാക്ടറികളിൽ അടക്കം ഒരേസമയം വിവിധ സ്ഥാപനങ്ങളിലായി ഇന്നലെ വൈകിട്ട് ആരംഭിച്ച പരിശോധന രാവിലെ പത്തുമണിയോടെയാണ് അവസാനിച്ചത്. 640 ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്.
Also Read;സ്ത്രീധന പീഡനം; കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി
സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണ് ഇതെന്നാണ് വിവരം. കൊച്ചിയിലേക്ക് ട്രെയിനിങ്ങിന് എന്നപേരിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് റെയ്ഡ് ആസൂത്രണം ചെയ്തത് . ജിഎസ്ടി സ്പെഷൽ കമ്മിഷണർ റെൻ ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ സ്റ്റോക് റജിസ്റ്ററും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു.
കണക്കിൽപ്പെടാത്ത സ്വർണമാണ് പിടിച്ചെടുത്തതെന്ന് അറിയിച്ചത് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ ദിനേശ് കുമാറാണ്. ഇനിയിവർക്ക് നോട്ടിസ് നൽകി രേഖകൾ സമർപ്പിക്കാനും വിശദീകരണം നൽകാനും അവസരം നൽകും. അതിനുശേഷമാകും തുടർനടപടികൾ. പിടിച്ചെടുത്ത സ്വർണം ഇന്ന് ട്രഷറിയിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.