ന്യൂമാഹി: ന്യൂ മാഹി കുറിച്ചിയിൽ റെയിൽവെ അടിപ്പാതക്ക് റെയിൽവെ അനുമതി. ഷാഫി പറമ്പിൽ എം.പിയാണ് ഇതുമായി ബന്ധപ്പെട്ട വിവരം അറിയിച്ചത്. തലശ്ശേരിക്കും മാഹിക്കുമിടയിൽ പുന്നോൽ കുറിച്ചിയിൽ മാതൃക – പത്തലായി റോഡിൽ നിന്ന് ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന റോഡിനെ ബന്ധിപ്പിക്കുന്നതാണ് അടിപ്പാത.
അടിപ്പാതയും അനുബന്ധ പ്രവൃത്തികളും നടത്താനുള്ള റെയിൽവേ നിശ്ചയിക്കുന്ന ചെലവുകൾ തദ്ദേശ സ്ഥാപനം വഹിക്കണം. റെയിൽവെ പാലക്കാട് ഡിവിഷണൽ മാനേജർ അരുൺ കുമാർ ചൗധരിയാണ് എം.പി.യുടെ നിവേദനത്തിന് അടിപ്പാത അനുമതി സംബന്ധിച്ച മറുപടി അയച്ചിരിക്കുന്നത്.
Also Read: ‘കെ.സുധാകരന്‍ ട്രോജന്‍ കുതിര’; പരിഹസിച്ച് മുഹമ്മദ് റിയാസ്
എം.കെ. ലത (ചെയർപേഴ്സൺ), കെ.പി. പ്രമോദ് (കൺവീനർ), കെ.കെ. രാജീവൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള അടിപ്പാത കർമ്മസമിതിയും ന്യൂമാഹി പഞ്ചായത്ത് അധികൃതരും ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ഷാഫി പറമ്പിൽ റെയിൽവെ പാലക്കാട് നേരത്തെ നിവേദനം നൽകിയിരുന്നു.
ഷാഫി പറമ്പിൽ റെയിൽവെ പാലക്കാട് ഡിവിഷനിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് റെയിൽവെ അധികൃതർ സ്ഥലപരിശോധന നടത്തിയ ശേഷം അനുമതി നൽകിയത്.