തിരുവനന്തപുരം: റെയിൽവേയുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് തദ്ദേശവകുപ്പിന്റെ മേൽനോട്ടം. സ്റ്റേഷനുകളിലും ട്രെയിനുകളിലും ശാസ്ത്രീയ മാലിന്യ പരിപാലന സംവിധാനങ്ങൾ സജ്ജീകരിക്കാനും റെയിൽവേ ട്രാക്കുകളുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നം പരിഹരിക്കാനുമായി ‘മാലിന്യമുക്തം, നവകേരളം’ കാമ്പയിനിന്റെ കർമപദ്ധതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. റെയിൽവേ ട്രാക്കുകളിലെ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ തദ്ദേശസ്ഥാപന തലത്തിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും.
പ്രാഥമിക ഘട്ടമായി റെയിൽവേ സ്റ്റേഷനുകളുടെ അവസ്ഥ പഠിക്കും. റെയിൽവേ ഡിവിഷനുമായി ചേർന്ന് മാലിന്യസംസ്കരണവും വീഴ്ചകളും മനസ്സിലാക്കിയാകും തുടർപ്രവർത്തനം. ഹരിതകർമ സേനയെ കരാറിന്റെ അടിസ്ഥാനത്തിൽ വേതനം നിശ്ചയിച്ച് റെയിൽവേ സേവനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ സാഹചര്യമുണ്ടെന്നും തദ്ദേശവകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നു. മാലിന്യസംസ്കരണ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ഹരിതകർമസേനയുടെ സേവനം റെയിൽവേ അഭ്യർഥിച്ചിട്ടുണ്ടെന്ന് തദ്ദേശവകുപ്പ് അധികൃതർ വ്യക്തമാക്കി.
ശുചിത്വമിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടക്കുക. റെയിൽവേ ട്രാക്കുകൾ മാലിന്യമുക്തമാക്കൽ, ട്രെയിനുകളിൽ മതിയായ മാലിന്യശേഖരണ സംവിധാനവും കൃത്യമായ മാലിന്യനീക്കവും ഉറപ്പാക്കൽ, റെയിൽവേ സ്റ്റേഷനുകളിലെ മാലിന്യ പരിപാലന സംവിധാനം കാര്യക്ഷമമാക്കൽ, റെയിൽവേ സ്റ്റേഷനുകൾ, റെയിൽവേ കോളനികൾ തുടങ്ങിയവയിൽ ശാസ്ത്രീയ മാലിന്യ പരിപാലന സംവിധാനങ്ങൾ സജ്ജീകരിക്കൽ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.