പാലരുവി എക്‌സ്പ്രസ് ട്രെയിനില്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിച്ച് റെയില്‍വേ

പാലരുവി എക്‌സ്പ്രസ് ട്രെയിനില്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിച്ച് റെയില്‍വേ
പാലരുവി എക്‌സ്പ്രസ് ട്രെയിനില്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിച്ച് റെയില്‍വേ

കൊച്ചി: പാലരുവി എക്‌സ്പ്രസ് ട്രെയിനില്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിച്ച് റെയില്‍വേ. മൂന്ന് ജനറല്‍ കോച്ചുകളും ഒരു സ്ലീപ്പര്‍ ക്ലാസ് കോച്ചുമാണ് വര്‍ധിപ്പിച്ചത്. യാത്രാ ദുരിതത്തില്‍ യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് തീരുമാനം. കൊല്ലം, കോട്ടയം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പാലരുവി എക്‌സ്പ്രസ് ട്രെയിനില്‍ വരുന്ന സ്ഥിരം യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നാല് കോച്ചുകള്‍ റെയില്‍വേ വര്‍ധിപ്പിച്ചത്. ഇന്ന് മുതല്‍ മൂന്ന് ജനറല്‍ കോച്ചുകളും ഒരു സ്ലീപ്പര്‍ ക്ലാസ്സ് കോച്ചും ഉണ്ടാകും

പാലക്കാട് നിന്ന് തിരുനെല്‍വേലി വരെ പോകുന്ന ട്രെയിന്‍ നാളെ മുതല്‍ തൂത്തുക്കുടിയിലേക്ക് നീട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് കോച്ചുകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ കൊല്ലം- കോട്ടയം ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് രാവിലെ മെമു – പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ വേണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. തിരുവനന്തപുരത്ത് നിന്നുള്ള വേണാട് എക്‌സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷന്‍ ഒഴിവാക്കിയതോടെ പാലരുവി എക്‌സ്പ്രസില്‍ തിരക്കേറി. വേണാട്, പാലരുവി ട്രെയിനുകള്‍ക്കിടയില്‍ ഒന്നര മണിക്കൂര്‍ ഇടവേളയുള്ളതിനാല്‍ യാത്രാക്ലേശം രൂക്ഷമാണെന്നും വന്ദേഭാരത് കടന്നുപോകാനായി പാലരുവി എക്‌സ്പ്രസ് മുളന്തുരുത്തിയില്‍ അര മണിക്കൂറോളം പിടിച്ചിടുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു.

കാലങ്ങളായി തുടരുന്ന യാത്രാദുരിതം അവസാനിപ്പിക്കണമെന്നായിരുന്നു യാത്രക്കാര്‍ ആവശ്യപ്പെട്ടത്. കൊല്ലം, കോട്ടയം ഭാഗത്ത് നിന്ന് എല്ലാ ദിവസവും കൊച്ചിയില്‍ വന്ന് ജോലി ചെയ്ത് പോകുന്ന നിരവധി യാത്രക്കാരുണ്ട്. രാവിലെ വരുന്ന പാലരുവി എക്സ്പ്രസ് ട്രെയിനാണ് പ്രധാന ആശ്രയം. തിരക്ക് കാരണം യാത്രക്കാര്‍ തിങ്ങി ഞെരുങ്ങിയാണ് എന്നും വരുന്നത്. ട്രെയിനില്‍ യാത്രക്കാര്‍ കുഴഞ്ഞു വീഴുന്നതും പതിവാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Top