തിരുവനന്തപുരം; കനത്ത മഴയെ തുടർന്ന് മൂന്നു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതതു ജില്ലകളിലെ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്.
ഇതുകൂടാതെ കോഴിക്കോട് കോടഞ്ചേരി, പുതുപ്പാടി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. തൃശൂർ ജില്ലയിൽ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രഫഷനൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
കനത്ത കാലവർഷത്തിന്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, കിന്റർഗാർട്ടൻ, മദ്രസ, ട്യൂഷൻ സെന്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.