റിയാദ്: വേനല്‍ ചൂടിന് ശമനം വന്നിരിക്കെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജ്‌റാന്‍, മദീന എന്നീ പ്രദേശങ്ങളുടെ ചില മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്യാനുള്ള സാഹചര്യമാണ് ഉള്ളതെന്ന് ശനിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.
മിതമായതോ കനത്ത മഴയോ പ്രതീക്ഷിക്കാം. ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കാര്‍മേഘം മൂടിയ അന്തരീക്ഷമായിരിക്കും. ചില സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങളിലെ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
Also Read: വേനലിന് ശമനം; ഉച്ചവിശ്രമ കാലയളവ് അവസാനിപ്പിച്ച് സൗദി അറേബ്യ
ചെങ്കടലില്‍ വടക്കുപടിഞ്ഞാറ് നിന്ന് തെക്കുപടിഞ്ഞാറ് ദിശയിലേക്ക് 20 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയിലും പടിഞ്ഞാറ് നിന്ന് തെക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 18 മുതല്‍ 38 വരെ കിലോമീറ്റര്‍ വേഗതയില്‍ ഉപരിതല കാറ്റ് വീശുമെന്നും കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു. ചെങ്കടലിന്റെ മധ്യ, തെക്കന്‍ ഭാഗങ്ങളില്‍ ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടുന്നതോടെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതായും കടലില്‍ ഇറങ്ങുന്നവര്‍ ഏറെ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.