മഴക്കാല ചര്‍മസംരക്ഷണം കുഞ്ഞുങ്ങള്‍ക്കും

മഴക്കാല ചര്‍മസംരക്ഷണം കുഞ്ഞുങ്ങള്‍ക്കും
മഴക്കാല ചര്‍മസംരക്ഷണം കുഞ്ഞുങ്ങള്‍ക്കും

ഴക്കാല ചര്‍മസംരക്ഷണം പ്രേത്യേകം ശ്രേദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ചര്‍മത്തിന് ഈ സമയത്ത് പ്രത്യേക പരിചരണം അനിവാര്യമാണ്. വളരെ ലോലമാണ് കുട്ടികളുടെ ചര്‍മം. അതിനാല്‍ തന്നെ ഈര്‍പ്പം തങ്ങി നില്‍ക്കുന്ന അവസ്ഥ കുട്ടികളില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. വിവിധ തരത്തിലുള്ള ചര്‍മരോഗങ്ങള്‍, ചൊറിച്ചില്‍, പുകച്ചില്‍ എന്നിവയെല്ലാം ഉണ്ടാകുന്നത് മഴക്കാലത്താണ്. ആദ്യം തന്നെ ശ്രേദ്ധിക്കേണ്ട ഒരു കാര്യമാണ് കുട്ടികളുള്ള വീടാണെങ്കില്‍ വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ഇല്ലെന്ന് ഉറപ്പ് വരുത്തുക എന്നത്. കുഞ്ഞു നടന്നെത്തുന്ന എല്ലാ പ്രദേശങ്ങളും ഈര്‍പ്പ രഹിതമാക്കാന്‍ ശ്രദ്ധിക്കുക. ഈര്‍പ്പം നിറഞ്ഞു നില്‍ക്കുന്ന ഇടങ്ങളില്‍ പൂപ്പല്‍ ബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ചെറുപ്രാണികള്‍, കൊതുക് എന്നിവ പെരുകാനുള്ള സാധ്യതയുമുള്ളതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക.

അതുപോലെതന്നെ കുഞ്ഞിന്റെ വസ്ത്രം നനഞ്ഞിരുന്നാല്‍ അത് ചര്‍മത്തില്‍ അണുബാധയുണ്ടാകാന്‍ കാരണമാകും. അതിനാല്‍ ഭക്ഷണം നല്‍കുമ്പോഴോ, വെള്ളം കുടിക്കുമ്പോഴോ മറ്റോ ദേഹത്ത് വെള്ളം വീണാല്‍ അത് പൂര്‍ണമായും തുടച്ചു മാറ്റുക. കുഞ്ഞിനെ ദിവസവും ഇളം ചൂട് വെള്ളത്തില്‍ കുളിപ്പിക്കുക. ഏകദേശം 37-38 ഡിഗ്രി സെല്‍ഷ്യസാണ് കുഞ്ഞിന്റെ ദേഹത്തിനു ചേര്‍ന്ന ചൂട്. കുഞ്ഞിന്റെ ശരീരത്തില്‍ വിയര്‍പ്പ് കെട്ടി നില്‍ക്കാതിരിക്കാനും ശ്രദ്ധിക്കുക. കക്ഷങ്ങള്‍, ചെവികള്‍, ജനനേന്ദ്രിയങ്ങള്‍ എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ തുടയ്ക്കുന്നത് നല്ലതാണ്. മഴക്കാലത്തെ ഈര്‍പ്പം തിണര്‍പ്പിനും ചൊറിച്ചിലിനും കാരണമാകും. കുഞ്ഞു ദേഹം മാന്തി മുറിവേല്‍പ്പിക്കാതിരിക്കാന്‍ നഖങ്ങള്‍ കൃത്യമായി മുറിക്കുക.

മണ്‍സൂണ്‍ മാസമെത്തിയാല്‍ പിന്നെ കൊതുകുകള്‍ പെരുകും. അതുകൊണ്ട്തന്നെ വീട്ടിലെ എല്ലാ വാതിലുകളും ജനലുകളും കൊതുകുകള്‍ കടക്കാതിരിക്കാന്‍ മെഷ് വല കൊണ്ട് മറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൊതുകുകടി കുഞ്ഞുങ്ങള്‍ക്ക് അസഹ്യമായ വേദനയ്ക്കും ചൊറിച്ചിലിനും കാരണമാകുന്നു. ഇത് ചര്‍മത്തെ ബാധിക്കും. കുഞ്ഞിന് ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍, അവ ഇടയ്ക്കിടെ മാറ്റുക. നനഞ്ഞ ഡയപ്പര്‍ ബാക്ടീരിയകളുടെ കേന്ദ്രമാണ്. ഇത് പലവിധ ചര്‍മ രോഗങ്ങള്‍ക്ക് കാരണമാകാം . കഴിയുമെങ്കില്‍ ഡയപ്പര്‍ ഒഴിവാക്കി വൃത്തിയുള്ള കോട്ടണ്‍ അടിവസ്ത്രങ്ങള്‍ കുഞ്ഞിന് നല്‍കുക. കുഞ്ഞിനെ സിന്തറ്റിക് വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നത് ഒഴിവാക്കുക. കോട്ടണ്‍ വസ്തങ്ങളാണ് ഈ കാലാവസ്ഥയില്‍ ഉചിതം. കുഞ്ഞിന് തിളപ്പിച്ചാറിയ വെള്ളം മാത്രം കൊടുക്കുക. മഴക്കാലത്ത്, ജലജന്യരോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അത് മൂലമുണ്ടാകുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ വെള്ളം തിളപ്പിക്കുന്നതാണ് നല്ലത്.

Top