കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനിയാണ് മരിച്ചത്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് കേസെടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
Also Read: സരിൻ എത്തിയ ബൂത്തിലെ വിവിപാറ്റ് മെഷീന് തകരാർ
നവംബർ നാലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനി കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമാവുകയും തുടർന്ന് മരിക്കുകയുമായിരുന്നു. ഗില്ലൻബാരി സിൻഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായതെന്നും എന്നാൽ മനോരോഗ ചികിത്സയാണ് രജനിക്ക് നൽകിയതെന്നും ഭർത്താവ് ഗിരീഷ് സമർപ്പിച്ച പരാതിയിൽ പറയുന്നു. നാലു ദിവസങ്ങൾക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോൾ ന്യൂമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. കൃത്യമായി രോഗ
നിർണ്ണയം നടത്താതെ ചികിത്സ നൽകിയതാണ് മരണത്തിനിടയായതെന്ന് ബന്ധുക്കൾ പറയുന്നു. ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.