കല്‍പ്പറ്റ: എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കാസര്‍ഗോഡ് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍. എയിംസ് കാസര്‍കോട് വരേണ്ടതിനെ കുറിച്ച് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞുവെന്നും എയിംസ് കോഴിക്കോട് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ താന്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍ഗോഡ് ആശുപത്രികളില്‍ പലതിലും സൗകര്യങ്ങളില്ല. കാസര്‍ഗോഡ് – പാണത്തൂര്‍ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റാണ്. എന്‍ഒസി കൊടുക്കാം എന്ന് പറയുന്നതല്ലാതെ സര്‍ക്കാര്‍ നല്‍കുന്നില്ല. മുഖ്യമന്ത്രി എന്നോട് തട്ടിക്കയറിയുകയായിരുന്നു. എന്‍ ഒ സി എം പിയുടെ കൈയ്യില്‍ തരാം എന്ന് പിണറായി പറഞ്ഞു. കോഴിക്കോട് എയിംസ് വേണമെന്ന് മുഖ്യമന്ത്രി വാദിക്കുന്നതില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ട്.
മുഖ്യമന്ത്രിക്ക് അസഹിഷ്ണുത പാടില്ല. എല്ലാം തികഞ്ഞവനാണ് താന്‍ എന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. പൊതു പ്രവര്‍ത്തകരോട് മാന്യമായി പെരുമാറാന്‍ പഠിക്കണം. എയിംസ് കോഴിക്കോട് കൊണ്ടുവരുന്നതില്‍ എന്താണ് മുഖ്യമന്ത്രിക്ക് താല്‍പ്പര്യം എന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചു കണ്ടെത്തണം. ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ എന്തെങ്കിലും ഉദ്ദേശം ഉണ്ടാകുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന എംപിമാരുടെ യോഗത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താനും പിണറായി വിജയനും തമ്മില്‍ വാക്ക്‌പോരുണ്ടായത്. കാസര്‍കോട് ജില്ലയെ അവഗണിക്കുന്നുവെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതിയും അതിന് മുഖ്യമന്ത്രിയുടെ മറുപടിയുമാണ് പ്രശ്‌നമായത്. കാസര്‍കോട് എയിംസ് കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാന്‍ പിടിവാശി കാണിക്കുന്നുവെന്ന് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. കാസര്‍കോട് – പാണത്തൂര്‍ റെയില്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ എന്‍ഒസി നല്‍കാന്‍ താല്പര്യം കാണിക്കുന്നില്ലെന്ന് ഉണ്ണിത്താന്‍ വിമര്‍ശിച്ചു. എന്‍ഒസി എംപിയുടെ കയ്യില്‍ തരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഉണ്ണിത്താന്‍ ക്ഷുഭിതനായി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കളിയാക്കരുതെന്നും പലതും കണ്ടാണ് എംപിയായതെന്നും ഉണ്ണിത്താന്‍ തിരിച്ചടിക്കുകയായിരുന്നു.