തിരുവനന്തപുരം: ഇടതുമുന്നണിയിൽ തർക്കമുള്ള രാജ്യസഭ സീറ്റ് സംബന്ധിച്ച ചർച്ചകൾ ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം. ജൂൺ 25ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണത്തിന് ജൂൺ 13 വരെ സമയമുണ്ട്.
രണ്ട് സീറ്റിൽ ജയിക്കാൻ കഴിയുന്ന ഇടതുമുന്നണിയിൽ ഒരു സീറ്റ് സി.പി.എം എടുക്കാനാണ് സാധ്യത. രണ്ടാമത്തെ സീറ്റിനായി സി.പി.ഐയും കേരള കോൺഗ്രസ് മാണി വിഭാഗവും രംഗത്തുണ്ട്. ശ്രേയാംസ് കുമാറിനുവേണ്ടി എൽ.ജെ.ഡിയും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിനോയ് വിശ്വം ഒഴിയുന്ന സീറ്റ് തങ്ങൾക്കുതന്നെ ലഭിക്കണമെന്ന് ഉറച്ചനിലപാടിലാണ് സി.പി.ഐ.
മുന്നണിയിൽ ഇതുസംബന്ധിച്ച് ചർച്ച തുടങ്ങിയില്ല. ജൂൺ നാലിനുശേഷം ചർച്ചയാകാമെന്നാണ് സി.പി.എം ഘടകകക്ഷികളെ അറിയിച്ചിരിക്കുന്നത്. യു.ഡി.എഫിൽ മുസ്ലിം ലീഗിന് നൽകാൻ തീരുമാനിച്ച സീറ്റിൽ പുതുമുഖം വരുമെന്നാണ് സൂചന.
പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന പ്രചാരണം സാദിഖലി ശിഹാബ് തങ്ങൾ നിഷേധിച്ചിട്ടുണ്ട്. യുവപ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തുണ്ട്.