യുഡിഎഫിൽ മുസ്‍ലിം ലീഗിനു നൽകുന്ന രാജ്യസഭാ സീറ്റിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസും കെ.എം ഷാജിയും പരിഗണനയിൽ. ഫിറോസിനു വേണ്ടി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ തന്നെ രംഗത്ത് വന്നിട്ടുണ്ടെന്നാണ് സൂചന. കെ. എം ഷാജിയെ രാജ്യസഭയിലേക്ക് അയക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിനാണ് താൽപ്പര്യം കൂടുതൽ. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ഷാജിയെ മാറ്റി നിർത്തുക എന്ന ലക്ഷ്യം കൂടി ഈ നീക്കത്തിനു പിന്നിലുണ്ട്.
പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നത് വെറും അഭ്യൂഹം മാത്രമാണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. കുഞ്ഞാലിക്കുട്ടിയും താൻ മത്സരിക്കാനില്ലെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇത്തവണ മുസ്‌ലിം ലീഗ് സ്ഥാനാർഥി പുതുമുഖമായിരിക്കുമെന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കൾക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. തങ്ങളുടെ ഈ നിലപാടും പി.കെ ഫിറോസിന് അനുകൂലമാണ്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും മത്സരിച്ചെങ്കിലും ഇടതു സ്ഥാനാർത്ഥി വി. അബ്ദു റഹിമാനോട് പി.കെ ഫിറോസ് പരാജയപ്പെടുകയാണ് ഉണ്ടായത്. കെ.എം ഷാജി അഴിക്കോട് നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷത്തെ കെ.വി സുമേഷിനോടാണ് പരാജയപ്പെട്ടിരുന്നത്. തീപ്പൊരി പ്രാസംഗികനായ ഷാജി ലീഗിലെ മുനീർ വിഭാഗത്തിൻ്റെ പ്രധാനിയാണ്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭരണം ലഭിക്കുകയാണെങ്കിൽ ലീഗിലെ ഒരു മന്ത്രിസ്ഥാനത്തിനും വിജയിക്കുകയാണെങ്കിൽ ഷാജിയ്ക്ക് അർഹതയുണ്ടാകും. ഇതു കൂടി മുന്നിൽകണ്ടാണ് കുഞ്ഞാലിക്കുട്ടി വിഭാഗം ഇപ്പോൾ കരുക്കൾ നീക്കുന്നത്. അന്തിമ തീരുമാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടേത് മാത്രമായിരിക്കും എന്നതിനാൽ, ആ തീരുമാനത്തിനാണ് ലീഗ് അണികളും കാത്തിരിക്കുന്നത്.തലമുറമാറ്റം ആഗ്രഹിക്കുന്ന ലീഗ് അണികൾക്ക് യുവാക്കൾക്ക് തന്നെ രാജ്യസഭ സീറ്റ് നൽകണമെന്ന അഭിപ്രായമാണ് ഉള്ളത്. എന്നാൽ ഇതിൻ്റെ പേരിൽ കെ.എം ഷാജിയെ നാടുകടത്താനുള്ള നീക്കത്തിനോടും അവർ യോജിക്കുന്നില്ല.
അതേസമയം, രാഹുൽ ഗാന്ധി റായ്ബറേലിയിൽ വിജയിച്ച് വയനാട് സീറ്റിൽ നിന്ന് ഒഴിയേണ്ടി വരുന്ന സാഹചര്യമാണ് ഉടലെടുക്കുന്നതെങ്കിൽ ആ സീറ്റിൽ ലീഗ് മത്സരിക്കില്ലന്ന കാര്യത്തിലും പാർട്ടി നേതൃത്വത്തിൽ ധാരണയായിട്ടുണ്ട്. ഈ സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേരത്തേ തീരുമാനമെടുത്തിട്ടുണ്ടെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നുമാണ് പി.കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിരിക്കുന്നത്.