രാമച്ച പുല്ലിന് ഗുണങ്ങളേറെ

രാമച്ച പുല്ലിന് ഗുണങ്ങളേറെ

പുല്‍വര്‍ഗത്തില്‍ പെട്ട ഔഷധ സസ്യമാണ് രാമച്ചം. പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്നു. ഇന്ത്യ, ഇന്തോനേഷ്യ, ഹെയ്തി എന്നീ രാജ്യങ്ങളാണ് ഉല്‍പാദനത്തില്‍ മുന്‍നിരയിലുള്ളതെങ്കിലും, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങള്‍, പസഫിക് സമുദ്ര ദ്വീപുകള്‍, വെസ്റ്റ് ഇന്‍ഡ്യന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും വന്‍തോതില്‍ കൃഷിചെയ്യപ്പെടുന്നുണ്ട്.

കൂട്ടമായി വളരുന്ന ഈ പുല്‍ച്ചെടികള്‍ക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തില്‍ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന് മികച്ച ആയുർദൈർഘ്യമുണ്ട്. ചിലപ്പോള്‍ വര്‍ഷങ്ങളോളം നീളുകയും ചെയ്യും.

രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം. അത് ശരീരത്തിന് തണുപ്പ് നല്‍കുന്നതിനാല്‍ ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ കിടക്കകള്‍, വിരികള്‍ തുടങ്ങിയവയുടേ നിര്‍മാണത്തിനും രാമച്ചം ഉപയോഗിക്കുന്നു.

രാമച്ചം മണ്ണൊലിപ്പ് ഫലപ്രദമായി തടയുന്ന പുല്‍വര്‍ഗമാണ്. അധികം ആഴത്തിലിറങ്ങാതെ മണ്ണിന്റെ മുകള്‍പ്പരപ്പിലൂടെയാണ് മിക്ക പുല്‍ച്ചെടികളുടെയും വേരോട്ടം. എന്നാല്‍ രാമച്ചത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട്. ഇടതൂര്‍ന്നു വളരുന്നതിനാല്‍ ഉപരിതല ജലത്തെയും തടഞ്ഞു നിര്‍ത്തും. ഇക്കാരണങ്ങളാലാണ് രാമച്ചത്തെ മണ്ണൊലിപ്പ് തടയാനുള്ള ഫലപ്രദമായ മാര്‍ഗമായി കര്‍ഷകര്‍ കണക്കാക്കാറുണ്ട്.

ശരീരത്തിലെ ടോക്സിനുകള്‍ നീക്കി ശരീരത്തിന് ആരോഗ്യം നല്‍കുന്ന ഒന്നാണ് രാമച്ചം. ഇതു വഴി ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളേയും അകറ്റിനിർത്താം. ടോക്സിനുകള്‍ അടിഞ്ഞു കൂടി വരുന്ന ലിവര്‍, കിഡ്നി പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. രക്തശുദ്ധി വരുത്തുന്ന ഒന്നു കൂടിയാണ് രാമച്ചം. ഇതു കൊണ്ടു തന്നെ രക്തംസബന്ധമായ രോഗങ്ങള്‍ക്കുള്ള പരിഹാരവുമാണ്. നല്ലൊരു ആന്റിസെപ്റ്റിക് കൂടിയാണ് ഇത്. വിയര്‍പ്പു കുരു പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും അമിത വിയര്‍പ്പു തടയാനും വിയര്‍പ്പു നാറ്റം ഒഴിവാക്കാനും ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ മതിയാകും. ഇത് അരച്ചു ദേഹത്തു പുരട്ടിയാല്‍ ചൂടു കുരു ശമിയ്ക്കുന്നു. ശരീരത്തിലെ നിറ വ്യത്യാസത്തിനുമുള്ള നല്ലൊരു പരിഹാരമാണിത്.

Top