തിരുവനന്തപുരം; യുഡിഎഫ് യോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ രമേശ് ചെന്നിത്തലയ്ക്ക് നീരസം. പ്രതിപക്ഷനേതാവിന്റെ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങി. ഘടകകക്ഷി നേതാക്കള്‍ക്ക് ഉള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ രമേശ് ചെന്നിത്തലയെ തഴഞ്ഞു എന്നാണ് വിമര്‍ശനം ഉയരുന്നത്.
രാവിലെ ചേര്‍ന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെയാണ് വൈകിട്ട് കണ്‍ടോണ്മെന്റ് ഹൗസില്‍ യുഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് വിലയിരുത്തലായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ സംസാരിച്ചെങ്കിലും യുഡിഎഫിന്റെ ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്നിട്ടും ചെന്നിത്തലയ്ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നാണ് വിമര്‍ശനം. രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം തങ്ങളുടെ അതൃപ്തി പരസ്യമാക്കിയിട്ടുമുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എംപിമാര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഘടകക്ഷി നേതാക്കള്‍ക്കുമായി പ്രതിപക്ഷനേതാവ് ഒരു വിരുന്ന് സല്‍ക്കാരം ഒരുക്കിയിരുന്നു. ഈ സല്‍ക്കാരത്തിലും പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങുകയായിരുന്നു.