തിരുവനന്തപുരം: സിപിഐഎം ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ചിഹ്നം നിലനിര്‍ത്താനാണെന്ന് രമേശ് ചെന്നിത്തല. മരപ്പട്ടി ചിഹ്നത്തിലോ, ഈനാംപേച്ചി ചിഹ്നത്തിലോ ഇനി മത്സരിക്കേണ്ടി വരുമെന്ന ഭയമാണ് അവര്‍ക്കുള്ളത്. ദേശീയ പാര്‍ട്ടിയുടെ അംഗീകാരം നഷ്ടപ്പെടുന്നത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് എ.കെ ബാലന്‍ തന്നെ പറഞ്ഞു. സിപിഐഎമ്മും സിപിഐയും മത്സരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍ക്കതിരും നിലനിര്‍ത്താനാണെന്നും അദ്ദേഹം ആരോപിച്ചു.
ഇടതുപാര്‍ട്ടികള്‍ ചിഹ്നം സംരക്ഷിക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ പറഞ്ഞിരുന്നു. ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞിരിന്നു.സി.പി.ഐ.എമ്മിന്റെ ദേശീയപാര്‍ട്ടി പദവി ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക, സൈക്കിള്‍ വരെയുള്ള ചിഹ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുവദിച്ചു. ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും നമുക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുക. അതിലേക്ക് എത്തരുതെന്നും എ.കെ. ബാലന്‍ പറഞ്ഞിരുന്നു.