CMDRF

ആസിഫിനെ അപമാനിച്ചിട്ടില്ല; വിശദീകരണവുമായി രമേഷ് നാരായണന്‍

ആസിഫിനെ അപമാനിച്ചിട്ടില്ല; വിശദീകരണവുമായി രമേഷ് നാരായണന്‍
ആസിഫിനെ അപമാനിച്ചിട്ടില്ല; വിശദീകരണവുമായി രമേഷ് നാരായണന്‍

നോരഥങ്ങളു’ടെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെ നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ചുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍. എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചത് ആസിഫ് അലിയെയായിരുന്നു. എന്നാല്‍ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. ആസിഫ് അലി പിന്‍വാങ്ങുന്നതും, ജയരാജ് രമേഷ് നാരായണന് പുരസ്‌കാരം നല്‍കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിമര്‍ശങ്ങളും അണപൊട്ടി.

രമേഷ് നാരായണന്റെ പ്രതികരണമിങ്ങനെ…

”എംടിയുമായി 1996 മുതല്‍ പരിചയമുണ്ട്. എം.ടിയുടെ മകള്‍ അശ്വതിയുടെ ക്ഷണം സ്വീകരിച്ചാണ് പരിപാടിക്കു പോയത്. ട്രെയിലര്‍ ലോഞ്ചിനുശേഷം ആന്തളോജി സിനിമയുമായി സഹകരിച്ച എല്ലാവരെയും വേദിയിലേക്കു ക്ഷണിച്ച് മെമന്റോ നല്‍കിയപ്പോഴൊന്നും എന്നെ വിളിച്ചില്ല . അതില്‍ ചെറിയൊരു വിഷമം തോന്നിയിരുന്നു. കാരണം ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതമൊരുക്കിയത് ഞാനാണ്. അദ്ദേഹം പോലും എന്നെ വേദിയിലേക്കു ക്ഷണിച്ചില്ലല്ലോയെന്നത് ചെറിയ വേദനയുണ്ടാക്കി. അതിനുശേഷം. തിരുവനന്തപുരത്തേക്ക് പോരേണ്ടതിനാല്‍ യാത്ര പറയുകയും വേദിയിലേക്കു ക്ഷണിക്കാത്തതിലെ വിഷമം അശ്വതിയെ അറിയിക്കുകയും ചെയ്തു.

അതിനു പിന്നാലെ അശ്വതി ക്ഷമപറയുകയും വേഗത്തില്‍ മെമന്റോ എനിക്ക് തരാനുള്ള അവസരമുണ്ടാക്കുകയുമാണുണ്ടായത്. എന്നാല്‍ ഈ സമയം സന്തോഷ് നാരായണന്‍ എന്ന പേരാണ് അവിടെ അനൗണ്‍സ് ചെയ്തത്. അതിനുപിന്നാലെ ആസിഫ് വന്ന് മെമന്റോ എന്നെ ഏല്‍പ്പിച്ച് പോയി. ആസിഫ് എനിക്കാണോ ഞാന്‍ ആസിഫിനാണോ മെമന്റോ നല്‍കേണ്ടതെന്ന് പോലും വ്യക്തമാകുന്നതിനു മുന്‍പേ, മെമന്റോ എന്നെ ഏല്‍പ്പിച്ച ആസിഫ് ആശംസ പറയാതെ പോയി. തുടര്‍ന്നാണ് ഞാന്‍ ജയരാജിനെ വിളിച്ചത്.

ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. അവിടെയുണ്ടായ സംഭവങ്ങളില്‍ ക്ഷമചോദിച്ച് ജയരാജ് ഇന്നു രാവിലെ സന്ദേശമയച്ചിരുന്നു. ഇതൊരു മെമന്റോ മാത്രമല്ലേ , പുരസ്‌കാരമൊന്നുമല്ലല്ലോ ഏതെങ്കിലും ഒരു വ്യക്തി തരണമെന്ന് വാശിപടിക്കാന്‍? വസ്തുത ഇതായിരിക്കെ കാര്യങ്ങള്‍ മനസിലാക്കാതെയുള്ള സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ട്.”

കൊച്ചിയില്‍ കഴിഞ്ഞ ദിവസമാണ് മനോരഥങ്ങള്‍ എന്ന ആന്തോളജിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ചിത്രം ഓഗസ്റ്റ് 15 ന് സീ 5 ലൂടെ റിലീസ് ചെയ്യും.

Top