ആലത്തൂര്‍: രമ്യാ ഹരിദാസിന്റെ തോല്‍വി അന്വേഷിച്ച പ്രത്യേക സമിതി പ്രധാന നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയും സ്ഥാനാര്‍ത്ഥിയുടെ വീഴ്ച്ചയും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. അതേസമയം റിപ്പോര്‍ട്ടിനുമേല്‍ കോണ്‍ഗ്രസ്സ് കൂടുതല്‍ നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് കടുത്ത നടപടികള്‍ ഒഴിവാക്കുന്നത്.
ആലത്തൂരില്‍ 20143 വോട്ടുകള്‍ ഭൂരിപക്ഷം നേടി സിപിഐഎം സ്ഥാനാര്‍ത്തിയും മുന്‍ ദേവസ്വം വകുപ്പ് മന്ത്രിയുമായ കെ രാധാകൃഷ്ണനാണ് വിജയിച്ചത്. 2019ല്‍ 5,33,815 വോട്ട് നേടിയാണ് രമ്യ ഹരിദാസ് വിജയിച്ച് കയറിയത്. സിപിഐഎം സ്ഥാനാര്‍ത്ഥി പി കെ ബിജു അന്ന് നേടിയത് 3,74,847 വോട്ടുകളാണ്. 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രമ്യ ഹരിദാസിന്റെ കൈയ്യില്‍ നിന്നാണ് ആലത്തൂര്‍ ഇത്തവണ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. 2014ല്‍ സിപിഐഎമ്മിനൊപ്പം നിന്ന മണ്ഡലം 2019ല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. 2014ല്‍ 4,11,808 വോട്ടുകള്‍ നേടിയാണ് പി കെ ബിജു ജയിച്ചത്.