ഈ വര്‍ഷം റിലീസായ ചിത്രങ്ങളില്‍ തിയേറ്ററുകള്‍ ഇളക്കി മറിച്ച ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന് സംവിധാനം ചെയ്ത ആവേശം. നൂറുകോടിയിലേറെയായിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം വരുണ്‍ ധവാന്.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് വരുണ്‍ ധവാന് ആവേശം സിനിമയേയും ഫഹദ് ഫാസിലിനേയും അഭിനന്ദിച്ചത്. ആവേശത്തിലെ ഒരു ഗാനരംഗത്തിന്റെ സ്ക്രീന്‍ഷോട്ടാണ് താരം പോസ്റ്റ് ചെയ്തത്. രംഗണ്ണന് എപ്പോഴും തന്റെ വാക്കുപാലിക്കും എന്ന് വരുണ്‍ ധവാന് കുറിച്ചു. ഈ സിനിമ എല്ലാ സിനിമാ പ്രേമികളും തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.
നയന്‍ താര, സാമന്ത എന്നിവര്‍ ആവേശത്തെ വാനോളം പുകഴ്ത്തിയിരുന്നു. ഈ വര്‍ഷത്തെ വിഷു റിലീസായാണ് ആവേശം തിയേറ്ററുകളിലെത്തിയത്. അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
അതേസമയം കലീസ് സംവിധാനംചെയ്യുന്ന ബേബി ജോണ്‍ ആണ് വരുണ്‍ ധവാന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം തെരിയുടെ റീമേക്ക് ആണ് ബേബി ജോണ്‍. കീര്‍ത്തി സുരേഷ്, വാമിഖ ഗബ്ബി, ജാക്കി ഷ്റോഫ്, സാനിയ മല്‍ഹോത്ര എന്നിവരാണ് മറ്റുവേഷങ്ങളില്‍. രാജ്-ഡി.കെ ടീം ഒരുക്കുന്ന സിറ്റഡെല്‍ ഹിന്ദി റീമേക്കിലൂടെ ഒ.ടി.ടിയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വരുണ്‍ ധവാന്.