‘സത്യത്തിന്റെ ശക്തി രഞ്ജിത്ത് മനസ്സിലാക്കാൻ പോകുന്നതേയുള്ളു’ : ജോഷി ജോസഫ്

രഞ്ജിത്തിന്റെ ഭാഷ, പ്രതികരണം എന്നിവയിൽ നിന്ന് കിട്ടുന്ന സിഗ്നലുകൾ നല്ലതല്ല. മലയാള സിനിമയിൽ ശുദ്ധികലശത്തിന് തുടക്കം കുറിക്കാൻ ബംഗാളിൽ നിന്ന് ഒരാൾ വരേണ്ടിവന്നു.

‘സത്യത്തിന്റെ ശക്തി രഞ്ജിത്ത് മനസ്സിലാക്കാൻ പോകുന്നതേയുള്ളു’ : ജോഷി ജോസഫ്
‘സത്യത്തിന്റെ ശക്തി രഞ്ജിത്ത് മനസ്സിലാക്കാൻ പോകുന്നതേയുള്ളു’ : ജോഷി ജോസഫ്

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നുള്ള സംവിധായകൻ രഞ്ജിത്തിന്റെ രാജിക്ക് പിന്നാലെ കൂടുതൽ പ്രതികരണവുമായി ശ്രീലേഖ മിത്രയുടെ സുഹൃത്തും ഡോക്യുമെന്ററി സംവിധായകനുമായ ജോഷി ജോസഫ്. നിയമപരമായി തന്നെ ഈ വിഷയത്തിൽ മുന്നോട്ട് നീങ്ങുമെന്ന് ജോഷി ജോസഫ് വ്യക്തമാക്കി. ഈ സംഭവം നടന്ന് പിറ്റേന്ന് കാലത്ത് മുതൽ ഉള്ള കാര്യങ്ങൾക്ക് താനാണ് സാക്ഷി. അത് താൻ എവിടെയും പറയും. അതിനായി എന്ത് വില കൊടുക്കാനും തയ്യാറാണെന്നും ജോഷി ജോസഫ് പ്രതികരിച്ചു. രഞ്ജിത്തിന്റെ ഭാഷ, പ്രതികരണം എന്നിവയിൽ നിന്ന് കിട്ടുന്ന സിഗ്നലുകൾ നല്ലതല്ല. ഇങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ല എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നെങ്കിൽ അത് തെളിയിക്കാൻ വളരെ പ്രയാസമായേനെ കാരണം അവിടെ സി സി ടി വി കാമറയടക്കമുള്ള കാര്യങ്ങൾ ഇല്ലായിരുന്നു. എന്നാൽ ഈ സംഭവത്തിന്റെ പകുതി അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് തന്നെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. സത്യത്തിന്റെ ശക്തി രഞ്ജിത്ത് മനസ്സിലാക്കാൻ പോകുന്നതേ ഉള്ളുവെന്നും ജോഷി ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു.

മലയാള സിനിമയിൽ ശുദ്ധികലശത്തിന് തുടക്കം കുറിക്കാൻ ബംഗാളിൽ നിന്ന് ഒരാൾ വരേണ്ടിവന്നു. രഞ്ജിത്തിന്റെ രാജികൊണ്ട് ഒരു വ്യവസ്ഥ മുഴുവൻ മാറുമെന്ന് കരുതുന്നില്ല. കണ്ണുകൾ കൊണ്ട് കാണുന്നതിനപ്പുറത്തുള്ള കാര്യങ്ങൾ മലയാള സിനിമയിലുണ്ടെന്നും ജോഷി ജോസഫ് അഭിപ്രായപ്പെട്ടു.

Director Renjith

ഇനിയുള്ള നീക്കങ്ങൾ തന്ത്രപരമായി വേണം. നിയമപരമായ വശം ഇതിലേക്ക് വന്ന് ചേർന്നത് കൊണ്ട് അടുത്ത നടപടി എന്താണെന്ന് പറയാൻ ബുദ്ധിമുട്ട് ഉണ്ട്. ശ്രീലേഖ അയച്ച ഒരു വോയിസ് ക്ലിപ്പിൽ അവർ പറയുന്നത് രഞ്ജിത്തിൻ്റെ രാജിയിൽ തനിക്ക് സന്തോഷമോ ദുഃഖമോ ഒന്നുമില്ല എന്നാണ്. ഇത്തരത്തിലുള്ള ആളുകളെ നമ്മൾ വെളിച്ചത്ത് കൊണ്ടുവന്നാൽ പിന്നെ സിനിമ ഇൻഡസ്ട്രിയിൽ ആരും ബാക്കിയുണ്ടാകില്ല, മുഴുവൻ സിനിമാ വ്യവസായവും തകരും. താൻ തൻ്റെ ഭാഗം കൃത്യമായി ചെയ്‌തെന്ന് ശ്രീലേഖ പറഞ്ഞതായും ജോഷി ജോസഫ് പറഞ്ഞു.

ജോഷി ജോസെഫിന്റെ വാക്കുകളിലൂടെ

‘ഞാൻ കൊച്ചിയിൽ ഉണ്ടായ സമയത്താണ് ഈ സംഭവം ഉണ്ടാകുന്നതും അതിന് സാക്ഷിയാകുന്നതും. അതുപോലെ ഇപ്പോൾ ഇതെല്ലാം സംഭവിക്കുമ്പോഴും ഞാൻ കേരളത്തിലുണ്ടാകുന്നു. എനിക്ക് എപ്പോൾ വേണമെങ്കിലും ഈ മാഫിയ ആക്രമണത്തിൽ നിന്നും കൊൽക്കത്തയിലേക്ക് രക്ഷപ്പെടാവുന്നതേ ഉള്ളു എന്ന ഒരു പഴുത് കൂടി കിടക്കുന്നത് കൊണ്ടും ഞാൻ ഈ ഇൻഡസ്ട്രിയിൽ ഒരു കംപ്ലീറ്റ് ഔട്ട്സൈഡർ ആയതുകൊണ്ടും എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. സത്യം ഏതു നിമിഷം എവിടെ നിന്നു വേണമെങ്കിലും പുറത്തുവരാം’, എന്നും ജോഷി ജോസഫ് കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചത്. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിൻറെ രാജി. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് എടുത്തിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് ബംഗാളി നടി വെളുപ്പെടുത്തിരുന്നത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

also read:മുകേഷ് റൂമിലേക്ക് വിളിപ്പിച്ചു ; ആരോപണവുമായി ടെസ് ജോസഫ്

Top