കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്ത് വേട്ടക്കാര്‍ക്കൊപ്പം മാത്രമല്ല ഒരു വേട്ടക്കാരന്‍ കൂടിയാണെന്ന് മനസ്സിലായെന്ന് എഴുത്തുകാരിയും പ്രസാധകയുമായ ഷഹനാസ്. വെറുമൊരു സംവിധായകനെ കുറിച്ചല്ല, സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെയാണ് മുഖം മറയ്ക്കാതെ വന്ന് സ്ത്രീ വെളിപ്പെടുത്തല്‍ നടത്തിയത്. മുഴുവന്‍ മലയാളികള്‍ക്കും അപമാനകരമായ സംഭവമാണ് ഉണ്ടായത്. എന്നിട്ട് കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറയുന്നത് രഞ്ജിത്ത് പ്രഗത്ഭനാണെന്നാണ്. പിന്നെ കേരളത്തിലെ സ്ത്രീകള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് ഷഹനാസ് ചോദിക്കുന്നു.
ഷഹനാസ് പറഞ്ഞത്
തുറന്നുപറഞ്ഞ് നിയമപരമായി മുന്നോട്ടുപോയിട്ടുള്ള ഏത് സ്ത്രീക്കാണ് നീതി കിട്ടിയിട്ടുള്ളത്. ഇന്ത്യയില്‍ ഒരു സ്ത്രീക്കുണ്ടായ മോശം അനുഭവം പറഞ്ഞാല്‍ സ്വമേധയാ കേസെടുക്കാം. ഇന്നലെ ആ സ്ത്രീ വന്ന് മുഖം കാണിച്ച് പേര് പറഞ്ഞ് വെളിപ്പെടുത്തല്‍ നടത്തി. എന്നിട്ടും ആ സ്ത്രീ കേസ് കൊടുക്കട്ടെ എന്ന് പറയുന്ന മന്ത്രിയുള്ള കേരളത്തില്‍ എങ്ങനെയാണ് സ്ത്രീകള്‍ക്ക് നീതി കിട്ടുകയെന്നാണ് ഷഹനാസിന്റെ ചോദ്യം.
Also read: രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയണം
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. സാംസ്‌കാരിക മേഖലയില്‍ ഇങ്ങനൊരു കമ്മിറ്റി വച്ചാല്‍ ഇതിനപ്പുറമുള്ള ഭൂകമ്പം നടക്കും. താന്‍ പരസ്യമായി സ്വന്തം അനുഭവങ്ങള്‍ പറഞ്ഞിട്ടുള്ളയാളാണ്. പലരും രഹസ്യമായി തന്നോട് പല ദുരനുഭവങ്ങളും പറഞ്ഞിട്ടുണ്ട്. സാംസ്‌കാരിക മേഖലയിലും ഒരു കമ്മിറ്റിയെ വെക്കണം. സിനിമാ മേഖലയിലെ അതിജീവിതയെ ചലച്ചിത്ര മേളയുടെ വേദിയില്‍ കൊണ്ടുവന്നപ്പോള്‍ രഞ്ജിത്തിനെ താനടക്കമുള്ള സ്ത്രീകള്‍ ബഹുമാനിച്ചിരുന്നുവെന്നും ഷഹനാസ് പറഞ്ഞു.