ദില്ലി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ദേശീയ വനിത കമ്മീഷൻ മുൻ അധ്യക്ഷ രേഖാ ശർമ്മ ആവശ്യപ്പെട്ടു. അതേസമയം പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകാൻ ശ്രീലേഖ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോർട്ട് വൈകിയതിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ നടപ്പാക്കുമെന്ന് പ്രതീക്ഷയില്ലെന്നും രേഖാ ശർമ്മ.
രഞ്ജിത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തം
ലൈംഗികാരോപണമുയർന്നതിന് പിന്നാലെ പ്രശസ്ത സിനിമ സംവിധായകൻ രഞ്ജിത്തിനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്താകെ ഉയരുന്നത്. അതേസമയം രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. അതേസമയം നടിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയപരമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സിനിമാ മേഖലയിൽ നിന്നടക്കം വിമർശനം ഉയരുന്നതിന് പിന്നാലെയാണ് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം.
Also Read: എയർപോർട്ടിൽ യാത്രക്കാരൻ കുഴഞ്ഞു വീണു, ജീവൻ രക്ഷിച്ച് ജവാൻ
അക്രമം നടന്നത് 2009 ൽ
കഴിഞ്ഞദിവസമാണ് ബംഗാളി നടി ശ്രീലേഖ മിത്ര ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. 2009 ൽ പാലേരി മാണിക്കം സിനിമയിൽ അഭിനയിക്കാനായി വിളിച്ച് വരുത്തിയ രഞ്ജിത് മോശമായി പെരുമാറിയെന്നാണ് നടി തുറന്നു പറഞ്ഞത്. എന്നാൽ ആരോപണ വിധേയനായ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ ഇപ്പോഴും സ്വീകരിക്കുന്നത്. സർക്കാർ പിന്തുണക്കുമ്പോഴും ഇടതുകേന്ദ്രങ്ങളിൽ നിന്നടക്കം രഞ്ജിത്തിന്റെ രാജിക്കായി കടുത്ത സമ്മർദ്ദമാണ് ഉയരുന്നത്. അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സി പി ഐ നേതാവ് ആനി രാജയും എ ഐ വൈ എഫും ആവശ്യപ്പെട്ടു. നിലവിൽ ബംഗാളി നടിയുടെ ആരോപണം കേരളത്തിന് അവമതിപ്പുണ്ടാക്കുന്നതാണെന്നും സംസ്ഥാനത്തിൻറെ അഭിമാനം സംരക്ഷിക്കാൻ സർക്കാർ നടപടി എടുക്കണമെന്നുമാണ് ആനി രാജയുടെ പക്ഷം.
Also Read: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ 14-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതിഷേധം ശക്തം