തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സ്‌നേഹിതനെന്ന നിലയില്‍ അദ്ദേഹം രാജിവെക്കണമെന്നതാണ് അഭ്യര്‍ത്ഥന. അദ്ദേഹം നല്ല സിനിമാക്കാരനാണെന്ന സജി ചെറിയാന്റെ പരാമര്‍ശത്തോട് യോജിക്കുന്നു. നിയമാനുസൃതമായ ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തിയ സാംസ്‌കാരിക മന്ത്രി ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴത്തിവെക്കുകയും വേട്ടക്കാരെ ന്യായീകരിക്കുകയും കൃത്രിമം കാണിച്ച് പ്രസിദ്ധീകരിക്കുകയും ഇരയെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാന്‍ ഈ സ്ഥാനം ഒഴിയുന്നതായിരിക്കും നല്ലത്. അദ്ദേഹം നിയമപ്രകാരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി. വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് പുറമെ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തി പ്രസിദ്ധീകരിച്ച് കൃത്രിമം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: രഞ്ജിത്തിനെ പുറത്താക്കണമെന്ന് സംവിധായകന്‍ ബിജു
റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വനിത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ശക്തമായ അന്വേഷണം നടത്തണം. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തുമെന്ന നാടകം വേണ്ടെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.