മലയാള സിനിമയിൽ പാടുന്ന നായികമാർ ഉണ്ടെങ്കിലും പാട്ടെഴുതുന്ന നായികമാർ ഇല്ല. റിലീസിനൊരുങ്ങുന്ന ‘മനോരാജ്യം’ എന്ന ചിത്രത്തിലൂടെ പാട്ടെഴുതുന്ന നായിക എന്ന പേര് സ്വന്തമാക്കുകയാണ് രഞ്ജിത മേനോൻ. ചിത്രത്തിൽ രഞ്ജിത, നിഖിൽ സാനിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ”തെളിവാനമേ” എന്ന പാട്ട് എഴുതിയത് തികച്ചും യാദൃശ്‌ചികമായാണ്.
മണിയറയിലെ അശോകൻ, സാജൻ ബേക്കറി സിൻസ് 1962, പത്രോസിൻ്റെ പടപ്പുകൾ എന്നീ സിനിമകളിലൂടെയും പോച്ചർ എന്ന വെബ് സീരീസിലൂടെയും ശ്രദ്ധേയയാണ് രഞ്ജിത മേനോൻ. മനോരാജ്യത്തിൽ ഗോവിന്ദ് പത്‌മസൂര്യ എന്ന ജി.പി യാണ് നായകൻ. ഞാൻ അത്യാവശ്യം എഴുതുമെന്ന കാര്യം ജി.പിയ്ക്ക് അറിയാമായിരുന്നു. ജി.പിയുടെ മ്യൂസിക്ക് കമ്പനിക്ക് വേണ്ടിയാണ് ‘തെളിവാനമേ’ എന്ന പാട്ടെഴുതിയത്. പിന്നീട് മനോരാജ്യത്തിൽ പ്രെമോ സോംഗ് ആയി ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
മനോരാജ്യത്തിൻറെ ചിത്രീകരണം തുടങ്ങിയ ശേഷം ഒരു ഗാനം കൂടി ആവശ്യമായി വരികയും പുതിയ ഒരു പാട്ട് ഒരുക്കാനുള്ള സമയക്കുറവ് മൂലം പ്രൊമോ സോംഗ് പ്രധാന ഗാനമാക്കാൻ സിനിമയുടെ രചയിതാവും സംവിധായകനുമായ റഷീദ് പാറയ്ക്കൽ തീരുമാനിക്കുകയായിരുന്നു. അങ്ങനെ വളരെ അപ്രതീക്ഷിതമായാണ് നായികയാവുന്ന ചിത്രത്തിന്റെ ഗാനരചയിതാവായത്. ആസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ മിയ എന്ന കഥാപാത്രത്തെയാണ് മനോരാജ്യത്തിൽ രഞ്ജിത അവതരിപ്പിക്കുന്നത്. രഞ്ജിത ടൈറ്റിൽ റോളിലെത്തുന്ന മറ്റൊരു സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. ആഗസ്റ്റ് മുപ്പതിനാണ് മനോരാജ്യം തിയറ്ററുകളിലെത്തുന്നത്.